കനത്ത മഴയിൽ മുങ്ങി പൂനെ

Monday 09 June 2025 1:22 AM IST

പൂനെ: ശനിയാഴ്ച തുടർച്ചയായി പെയ്ത കനത്ത മഴയിൽ മഹാരാഷ്ട്ര പൂനെയിലെ ഹിഞ്ചേവാഡി ഐ.ടി പാർക്കടക്കം മുങ്ങി.

റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം സ്തംഭിച്ചു. പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പി.എം.സി) ബസുകളടക്കം പകുതിയോളം മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

400ത്തോളം ഐ.ടി, ഐ.ടി അനുബന്ധ സേവന കമ്പനികളാണ് ഹിഞ്ചേവാഡിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കിലുള്ളത്. നിരന്തരം അടിസ്ഥാന സൗകര്യങ്ങളും, ഡ്രെയിനേജ് പ്രശ്നങ്ങളും നേരിടുന്ന ഈ മേഖല പൂർണമായും മുങ്ങി. ശനിയാഴ്ച മാത്രം പൂനെയിൽ 150 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പെയ്തത്.

എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ ഹിഞ്ചേവാഡിയിലെ വെള്ളക്കെട്ടുള്ള റോഡിന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ സുലെ ആവശ്യപ്പെട്ടു. പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.