ഡൽഹിയിൽ 9 വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു
ന്യൂഡൽഹി: ക്രൂര മാനഭംഗത്തിനിരയായ ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ ഡൽഹി നെഹ്‌റു വിഹാറിൽ സംഘർഷാവസ്ഥ.
കൂടുതൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് ബന്ധുവിന്റെ വീട്ടിൽ പോയ പെൺകുട്ടി മടങ്ങിവരാൻ വൈകിയതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. പെൺകുട്ടി ഒരാൾക്കൊപ്പം പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ നെഹ്‌റു വിഹാറിലെ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ ഒരു സ്യൂട്ട്‌കേസിനുള്ളിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിതാവ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
ബി.എൻ.എസ് പ്രകാരം കൊലപാതകം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ദയാൽപൂർ പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചെന്ന് പൊലീസ് അറിയിച്ചു.
ആളിക്കത്തി പ്രതിഷേധം
മരണവാർത്ത പരന്നയുടനെ, ബന്ധുക്കളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് റോഡ് ഉപരോധിക്കുകയും ധർണ നടത്തുകയും ചെയ്തു. സ്ഥിതി സംഘർഷഭരിതമായതോടെ നെഹ്‌റു വിഹാറിലും സമീപ പ്രദേശങ്ങളിലും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മുൻകരുതൽ നടപടിയായി അർദ്ധസൈനികരെയും വിളിച്ചു. പ്രതിഷേധം
ദയാൽപൂർ പ്രദേശത്തെ ഗതാഗതത്തെയും സാരമായി ബാധിച്ചു.
രാഷ്ട്രീയപ്പോര്
ഡൽഹിയിൽ ബി.ജെ.പി ക്രമസമാധാനം തകർത്തുവെന്ന് ആം ആദ്‌മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. സംഭവത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിയാണെന്നും പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പിയുടെ നാല് എൻജിൻ സർക്കാർ ഭരിച്ചിട്ടും പെൺകുട്ടികൾ സുരക്ഷിതരല്ല. ഡൽഹിയിലെ പെൺമക്കൾ ഉത്തരങ്ങളും നീതിയും ആവശ്യപ്പെടുന്നു-കേജ്‌രിവാൾ പറഞ്ഞു. കേന്ദ്രത്തിലും ഡൽഹിയിലും കോർപറേഷനിലുമുള്ള ബി.ജെ.പി ഭരണവും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിനെയും ചേർത്താണ് ആം ആദ്‌മി നാല് എൻജിൻ സർക്കാർ എന്ന് കളിയാക്കുന്നത്.