മോദി സർക്കാർ 11-ാം വർഷത്തിലേക്ക്, പതിനൊന്നിന്റെ പ്രഭാപൂരം

Monday 09 June 2025 1:55 AM IST

പ്രതിസന്ധിയുടെ കയങ്ങൾ നീന്തിക്കയറുമ്പോളാണ് ഒരു രാഷ്‌ട്രീയ നേതാവിന്റെ കരിയർ ഗ്രാഫ് ഉയരുന്നതും ആ വ്യക്തി ജനങ്ങളുടെ ഇഷ്‌ടതാരമാകുന്നതും. 2014 മുതലുള്ള തുടർച്ചയായ ഭരണത്തിന്റെ പതിനൊന്നാം വർഷത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അടിവരയിടുന്ന രാഷ്‌ട്രീയ പാഠവും അതാണ്. പ്രതിസന്ധികൾ എങ്ങനെ നേട്ടമാക്കാമെന്ന് പഹൽഗാം ഭീകരാക്രമണം വരെ നീണ്ട സംഭവങ്ങളോടുള്ള പ്രതികരണത്തിലൂടെ അദ്ദേഹം ഇന്ത്യൻ രാഷ്‌ട്രീയത്തെ പഠിപ്പിക്കുന്നു.

2024 ജൂൺ 9-ന് പ്രധാനമന്ത്രിയായി മൂന്നാമൂഴത്തിലും അധികാരമേറ്റതിനെക്കാൾ ആത്മവിശ്വാസത്തോടെയാണ് നരേന്ദ്രമോദിയും എൻ.ഡി.എ സർക്കാരും ഒന്നാം വാർഷികം ആഘോഷിക്കുന്നത്. ഒറ്റയ്‌‌ക്ക് 400 സീറ്റ് ലക്ഷ്യവും കേവല ഭൂരിപക്ഷവും നേടാനാകാതെ ജെ.ഡി.യുവിന്റെയും ട‌ി.ഡി.പിയുടെയും സഹായത്തോടെ ഭരണത്തുടർച്ച ഉറപ്പാക്കേണ്ടിവന്ന നിരാശ അന്നുണ്ടായിരുന്നു. ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും സർക്കാരിൽ പൂർണ നിയന്ത്രണമുണ്ടാകുമോ എന്ന് സംശയിച്ചവരുണ്ട്. എല്ലാക്കാര്യത്തിലും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെയും നിലപാടുകൾ തേടേണ്ടിവരുമെന്നും രാഷ്‌ട്രീയ വിശകലനങ്ങളുണ്ടായി.

പക്ഷേ ഒരു വർഷം പിന്നിടുമ്പോൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പോക്കറ്റിലാക്കിയ നേട്ടങ്ങളുടെ പട്ടികയെടുത്താൽ മുകളിൽ പറഞ്ഞ ഘടകങ്ങളൊന്നും തടസമായില്ലെന്ന് കാണാം. പഹൽഗാം ആക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നൽകിയ 'ഓപ്പറേഷൻ സിന്ദൂർ" നടപടി, വഖഫ് ബോർഡ് ദേദഗതി, ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ തുടങ്ങി നയപരമായ തീരുമാനങ്ങളിലൊന്നും തർക്കത്തിന്റെ മിന്നലാട്ടങ്ങളൊന്നും കണ്ടില്ല. മോദിയും വലം കൈയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായും ചേർന്ന നേതൃത്വം ബി.ജെ.പിയെയും എൻ.ഡി.എ മുന്നണിയെയും ഒരു ടീമായി ഒന്നിച്ചു കൊണ്ടുപോകുന്നു.

പഹൽഗാമിലെ

സിന്ദൂരം

2019 ഫെബ്രുവരി 14-ന് ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്നു ക്യാമ്പുകൾ തകർത്ത നടപടി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും അന്നത്തെ പൊതു തിരഞ്ഞെടുപ്പിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. എന്നാൽ ഏപ്രിൽ 22-നു നടന്ന പഹൽഗാം ആക്രമണം വികസന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ച് നീങ്ങിയ മൂന്നാം മോദി സർക്കാരിന് ശരിക്കും പ്രതിസന്ധിയായിരുന്നു.

പാകിസ്ഥാനെതിരെ നടത്തുന്ന നടപടികൾക്ക് ഇന്ത്യയ്‌ക്കുള്ളിൽ ലഭിക്കുന്ന സ്വീകാര്യത അറിയാവുന്ന നരേന്ദ്രമോദി 'ഓപ്പറേഷൻ സിന്ദൂറി"ലൂടെ തിരിച്ചടി നൽകി. അതിർത്തി കടന്ന് ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചും, അതിനു ശേഷം പാകിസ്ഥാനിൽ നിന്നുണ്ടായ പ്രകോപനങ്ങൾക്ക് കിറുകൃത്യമായ മറുപടി നൽകിയും പ്രതിസന്ധി ഘട്ടം നന്നായി മാനേജ് ചെയ്യാൻ പ്രധാനമന്ത്രിക്കും കൂട്ടർക്കുമായി. യു.എസ് ഇടപെടലുണ്ടായെന്ന തർക്കമൊഴിച്ചാൽ വെടിനിറുത്തലിലൂടെ പാകിസ്ഥാനെ അടിയറവ് പറയിക്കാനും സാധിച്ചു.

ഇക്കൊല്ലം ഒടുവിൽ നടക്കേണ്ട നിർണായക ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പഹൽഗാം ആക്രമണവും ഓപ്പറേഷൻ സിന്ദൂറും ബി.ജെ.പി രാഷ്‌ട്രീയമായി എങ്ങനെ നേട്ടമാക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. അതുറപ്പുള്ളതിനാലാണ് യു.എസ് ഇടപെടലും പ്രത്യേക പാർലമെന്റ് സമ്മേളന ആവശ്യവും അടക്കമുയർത്തി കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ബഹളമുണ്ടാക്കുന്നത്.

മഹാരാഷ്‌ട്രയും

ഹരിയാനയും

പൊതുതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാതിരുന്ന നിരാശ മറികടക്കാൻ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും 2024 ഒടുവിൽ നടന്ന മഹാരാഷ്ട‌്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾ തുണയായി. കോൺഗ്രസ്, ശിവസേന(ഉദ്ധവ് താക്കറെ), എൻ.സി.പി (ശരദ് പവാർ) പാർട്ടികളുടെ മഹാവികാസ് അഘാഡിയെ അമ്പരപ്പിച്ചാണ് മഹാരാഷ്‌ട്രയിൽ തുടർ ഭരണം നേടിയത്. ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയെ അനുനയിപ്പിച്ച് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിനെ വീണ്ടും മുഖ്യമന്ത്രിക്കസേരയിലിരുത്തി.

ഭരണവിരുദ്ധ വികാരം തുണയ്‌ക്കുമെന്ന കോൺഗ്രസ് പ്രതീക്ഷ തകർത്ത് ഹരിയാനയിൽ നായബ് സിംഗ് സൈനിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരം നിലനിറുത്തി.

ഡൽഹിയിൽ

ചരിത്രനേട്ടം

ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ബി.ജെ.പിക്ക് ഏറ്റവും അനുകൂല ഘ‌ടകം ഡൽഹി നിയമസഭയിൽ സ്വന്തം സർക്കാർ ഭരിക്കുന്നു എന്നതാണ്. 2014, 2019 സർക്കാരുകൾക്കില്ലാതെ നേട്ടം. 'കേന്ദ്രത്തിൽ മോദി,​ ഡൽഹിയിൽ കേജ്‌രിവാൾ" എന്ന പതിവ് അവസാനിപ്പിക്കാൻ 11 വർഷമായി മോദി- ഷാ കൂട്ടുകെട്ട് മെനഞ്ഞ തന്ത്രങ്ങൾ ഫലം കണ്ടു. 27 വർഷത്തിനുശേഷം മുഖ്യ എതിരാളിയെ തൂത്തെറിഞ്ഞ് ഡൽഹിയിൽ താമര വിരിയിച്ചെടുത്തു. ആം ആദ്മിക്കെതിരെ അഴിമതി ആരോപണങ്ങൾ കൃത്യമായി ഉപയോഗിച്ച് ജനവിധി അനുകൂലമാക്കാൻ മോദി- ഷാ തന്ത്രത്തിനായി.

പാർലമെന്റും

കൈപ്പിടിയിൽ

18-ാം ലോക്‌സഭയിൽ പാർട്ടികളുടെ അംഗബലത്തിൽ വന്ന മാറ്റം ബി.ജെ.പിക്കോ കേന്ദ്രസർക്കാരിനോ വെല്ലുവിളിയാകുന്നില്ലെന്നതാണ് വസ്‌തുത. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നിട്ടും വഖഫ് ബോർഡ് ഭേദഗതി ബിൽ പാസാക്കാൻ കഴിഞ്ഞത് അതിനുള്ള വലിയ തെളിവ്. നോമിനേറ്റഡ് അംഗങ്ങളുടെ അടക്കം പിന്തുണയുള്ളതിനാൽ രാജ്യസഭയിലും എൻ.ഡി.എയ്‌ക്കാണ് മുൻതൂക്കം.

കൂടുതൽ സീറ്റ് നേടിയെങ്കിലും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതൊഴിച്ചാൽ കോൺഗ്രസിനെ വരിഞ്ഞുകെട്ടാൻ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും കഴിയുന്നു. ശശി തരൂരിനെ 'ഓപ്പറേഷൻ സിന്ദൂർ" വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയത് അടക്കം കോൺഗ്രസിൽ പാളയത്തിൽ പടയുണ്ടാക്കാനുള്ള തന്ത്രങ്ങൾ വിജയിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ച 'ഇന്ത്യ" മുന്നണി ചരടു പൊട്ടിയ പട്ടം പോലെ. ആംആദ്‌മി മുന്നണി വിട്ടു.

മൂന്നാം വട്ടം പ്രധാനമന്ത്രി പദത്തിലെത്തിയയതോടെ നരേന്ദ്രമോദി,​ ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡിനൊപ്പമെത്തി. ഇന്ന് മൂന്നാമൂഴത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ 11 വർഷവും 14 ദിവസവും പൂർത്തിയാക്കും. 46 ദിവസം കഴിഞ്ഞാൽ പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി ഇരുന്നതിന്റെ റെക്കാഡിൽ ഇന്ദിരാഗാന്ധിക്കൊപ്പമെത്തും (11വർഷം 59 ദിവസം).