കൊളംബിയയിൽ സെനറ്റർക്ക് വെടിയേറ്റു 15കാരൻ അറസ്റ്റിൽ
ബൊഗോട്ട: കൊളംബിയയിൽ തലയ്ക്ക് വെടിയേറ്റ സെനറ്റ് അംഗം മിഗ്വൽ ഉറിബേ ടർബേ (39) അതീവ ഗുരുതരാവസ്ഥയിൽ. അടുത്ത വർഷം മേയിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. ശനിയാഴ്ച തലസ്ഥാനമായ ബൊഗോട്ടയിലെ ഒരു പാർക്കിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സംഭവം. തലയിൽ രണ്ടെണ്ണം അടക്കം മൂന്ന് വെടിയുണ്ടകളാണ് മിഗ്വലിന്റെ ശരീരത്തിൽ തറച്ചത്.
പ്രതിയെന്ന് കരുതുന്ന 15കാരനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാലിൽ വെടിവച്ചാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് 7,30,000 ഡോളർ പാരിതോഷികം നൽകുമെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. പ്രസംഗിക്കുന്നതിനിടെ മിഗ്വലിന്റെ തലയ്ക്ക് വെടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
രാഷ്ട്രീയ കുടുംബാംഗം
സെൻട്രോ ഡെമോക്രാറ്റികോ പാർട്ടി നേതാവായ മിഗ്വൽ കൊളംബിയയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ്. പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു. മാദ്ധ്യമ പ്രവർത്തകയായിരുന്ന ഡയാന ടർബേ ആണ് മാതാവ്.
കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ മെഡെലിൻ ഡ്രഗ് കാർട്ടൽ ഡയാനയെ തട്ടിക്കൊണ്ടു പോവുകയും രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ഡയാന വെടിയേറ്റ് കൊല്ലപ്പെടുകയുമായിരുന്നു. കൊളംബിയൻ മുൻ പ്രസിഡന്റ് ജൂലിയോ സീസർ ടർബേ അയാലയുടെ മകളാണ് ഡയാന.