ഗ്രേറ്റയുടെ കപ്പൽ ഇസ്രയേൽ തടയും
ടെൽ അവീവ്: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ ഗാസയിലേക്ക് സഹായ വിതരണത്തിനായി പുറപ്പെട്ട 'മാഡ്ലീൻ " എന്ന കപ്പൽ തടയാൻ സൈന്യത്തോട് ഉത്തരവിട്ട് ഇസ്രയേൽ. പാലസ്‌തീൻ അനുകൂല ആക്ടിവിസ്റ്റ് സംഘടനയായ ഫ്രീഡം ഫ്ലോറ്റില്ല കോളിഷന്റേതാണ് കപ്പൽ.
നിലവിൽ ഈജിപ്ഷ്യൻ തീരത്തുള്ള കപ്പൽ തെക്കൻ ഇറ്റലിയിലെ കാറ്റാനിയ തുറമുഖത്ത് നിന്ന് ജൂൺ 1നാണ് പുറപ്പെട്ടത്. ഗാസ ലക്ഷ്യമാക്കി സാവധാനമാണ് കപ്പലിന്റെ നീക്കം. 'ജൂത വിരുദ്ധയായ ഗ്രേറ്റയും ഹമാസിനായി പ്രചാരണം നടത്തുന്ന അവരുടെ സുഹൃത്തുക്കളും തിരിച്ചുപോകുന്നതാണ് നല്ലത്. നിങ്ങൾക്ക് ഗാസയിൽ എത്താനാകില്ല "- ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണങ്ങൾക്കും വർദ്ധിച്ചുവരുന്ന യുദ്ധക്കുറ്റങ്ങൾക്കും എതിരെയുള്ള പ്രതിഷേധമാണ് യാത്രയെന്ന് ഗ്രേറ്റ പറയുന്നു. കപ്പലിലെ സഹായ വസ്തുക്കൾ പരിമിതമാണെങ്കിലും ഗാസയിലെ മാനുഷിക സഹായത്തിന്റെ അടിയന്തര ആവശ്യകത ലോകത്തിന് തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.
ഹമാസിലേക്കുള്ള ആയുധ കൈമാറ്റം തടയാൻ ഗാസ തീരത്ത് ഇസ്രയേലിന്റെ നാവിക ഉപരോധം നിലവിലുണ്ട്. ഇത് മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. നേരത്തെ സഹായ വിതരണത്തിന് പുറപ്പെട്ട ഗ്രൂപ്പുകളെ ഇസ്രയേൽ കടലിൽ വച്ച് തടഞ്ഞിരുന്നു.
നിലവിൽ ഗാസയിൽ നിന്ന് 160 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ഗാസയിലെത്തും മുന്നേ കപ്പൽ പിടിച്ചെടുത്ത ശേഷം ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്ത് എത്തിക്കാനും തുടർന്ന് യാത്രികരെ നാടുകടത്താനുമാണ് സൈന്യത്തിന്റെ പദ്ധതി.