മസ്‌കുമായുള്ള ബന്ധം അവസാനിച്ചു: ട്രംപ്
വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കുമായുള്ള തന്റെ ബന്ധം അവസാനിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു അമേരിക്കൻ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. തകർന്ന ബന്ധം നന്നാക്കാൻ ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തോട് 'ഇല്ല" എന്നായിരുന്നു ഉത്തരം.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കം റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന് പിന്തുണയുമായി അണിനിരന്നു. ട്രംപിനെതിരെ നടത്തിയ പരാമർശങ്ങൾ മസ്ക് ചെയ്ത വലിയ തെറ്റാണെന്നും മസ്കിനെ ഇനി സ്വാഗതം ചെയ്യില്ലെന്നും വാൻസ് പറഞ്ഞു. സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെ രൂക്ഷമായി എതിർത്ത മസ്‌കുമായി ട്രംപ് സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരുന്നു.
താനില്ലായിരുന്നെങ്കിൽ ട്രംപ് ഇലക്ഷനിൽ തോൽക്കുമായിരുന്നു എന്നും ട്രംപിന്റേത് നന്ദികേടാണെന്നും മസ്‌ക് ആരോപിച്ചിരുന്നു. മസ്കിന് ഭ്രാന്തുപിടിച്ചെന്ന് പറഞ്ഞ ട്രംപ്, മസ്കിന്റെ കമ്പനികൾക്ക് നൽകിയ കരാറുകൾ റദ്ദാക്കുമെന്ന് ഭീഷണി മുഴക്കി. ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് 25 കോടി ഡോളറിലേറെയാണ് അടുത്ത അനുയായി ആയിരുന്ന മസ്ക് ചെലവാക്കിയത്.
മസ്‌കിന് മുന്നറിയിപ്പ്
യു.എസ് കോൺഗ്രസിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ അടുത്ത വർഷം നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളെ പിന്തുണയ്ക്കുമെന്ന സൂചന നൽകി മസ്ക്.
മസ്കിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കമുണ്ടായാൽ അയാൾ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ ബില്ലിനെ പിന്തുണ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ പുറത്താക്കുമെന്ന് മസ്ക് വെല്ലുവിളിച്ചിരുന്നു.