തിയേറ്ററിൽ മുഖംമൂടി ധരിച്ച് മെെക്കുമായി പ്രശസ്ത നടൻ; ആരെന്ന് മനസിലാകാതെ ആരാധകർ

Monday 09 June 2025 3:07 PM IST

ആരാധകർക്ക് സർപ്രെെസ് കൊടുക്കാൻ പല നടന്മാരും ശ്രമിക്കാറുണ്ട്. അതിൽ ബോളിവുഡ് നടന്മാരാണ് മുന്നിൽ. നടന്മാരായ ആമിർ ഖാനും ഷാരൂഖ് ഖാനും ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ വേഷം മാറിയും മുഖം മറച്ചും എത്താറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുയാണ് ബോളിവുഡ് സൂപ്പർതാരം അക്ഷയ്‌കുമാർ.

തന്റെ ഏറ്റവും പുതിയ ചിത്രം 'ഹൗസ്‌ഫുൾ 5'ന്റെ പ്രേക്ഷക പ്രതികരണം അറിയാനാണ് നടൻ നേരിട്ടെത്തിയത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മുന്നിൽ മുഖംമൂടി ധരിച്ച് മെെക്കുമായി താരം അഭിപ്രായം ചോദിക്കുന്നു. തങ്ങളുടെ മുന്നിലുള്ളത് അക്ഷയ്‌കുമാർ ആണെന്ന് തിരിച്ചറിയാതെ പ്രേക്ഷകർ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നുണ്ട്. ചിലർ പ്രതികരിക്കാതെ പോകുന്നു. നടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്.

'ബാന്ദ്രയിൽ ഇന്ന് 'ഹൗസ്‌ഫുൾ 5' ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകളെ കില്ലർ മാസ്ക് ധരിച്ച് പ്രതികരണം തേടാൻ ഞാൻ തീരുമാനിച്ചു. അവസാനം പിടിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ അതിന് മുൻപ് ഞാൻ രക്ഷപ്പെട്ടു. നല്ല അനുഭവമായിരുന്നു'- അക്ഷയ്‌കുമാർ കുറിച്ചു. ബോളിവുഡ് കോമഡി ഫ്രാഞ്ചെെസിയായ 'ഹൗസ്‌ഫുൾ' അഞ്ചാം ഭാഗം ജൂൺ ആറിനാണ് പ്രദർശനത്തിനെത്തിയത്. അക്ഷയ്‌കുമാറിന്റെ ചിത്രങ്ങൾ തുടർച്ചയായി ബോക്സ്‌ഓഫീസിൽ പരാജയപ്പെടുന്നതിന് ഇടയിൽ ആശ്വാസ വിജയം സമ്മാനിക്കുകയാണ് ഹൗസ്‌ഫുൾ. ആദ്യദിവസം 24.35 കോടി കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 30 കോടി നേടി. വീഡിയോ.