തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി ബിസിനസുകാരിക്ക് പ്രണയം, വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ഗൂഢാലോചന

Monday 09 June 2025 6:43 PM IST

ഭോപ്പാല്‍: മധുവിധുവിനിടെ ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച്. ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘവംശി (29)യെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഭാര്യ സോനവും (25) കാമുകന്‍ രാജും ചേര്‍ന്നാണ്. സോനവും രാജയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഗൂഢാലോചന നടത്തിയത്. ഇതിനായി മൂന്ന് വാടക കൊലയാളികളേയും ഏര്‍പ്പെടുത്തിയിരുന്നു.

വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന് രാജ് കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. ഇരുവരുടേയും ബിസിനസ് കുടുംബമായതിനാലാണ് രാജയുമായുള്ള വിവാഹം ഉറപ്പിച്ചത്. മേയ് മാസം 11ാം തീയതിയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മേയ് 18ന് രാജും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം നടപ്പിലാക്കുവാനായി വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്ക്കെടുത്തു. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും മധുവിധു ആഘോഷിക്കാനായി മേഘാലയയിലേക്ക് പുറപ്പെട്ടത്. അവിടെ മധുവിധുയാത്രയ്ക്കിടെ തങ്ങളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് സോനമായിരുന്നു.

മേയ് 23-നാണ് സോഹ്രയില്‍നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാര്‍ത്ത പുറത്തെത്തിയത്. ഒരാഴ്ചയ്ക്കപ്പുറം ജൂണ്‍ രണ്ടാംതീയതി രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തി. സോനത്തിനെ കാണാതാവുകയും ചെയ്തിരുന്നു.