പാല്‍ കവറില്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്ടീരിയ അടിഞ്ഞ്കൂടും; പണികിട്ടാതിരിക്കാന്‍ ചെയ്യേണ്ടത്

Monday 09 June 2025 9:27 PM IST

വീടുകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് പാലിന്റെ ഉപയോഗം. ഒരു ദിവസം കുറഞ്ഞത് രണ്ട് കവറ് പാലെങ്കിലും കേരളത്തിലെ എല്ലാ വീടുകളിലും ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ പാക്കറ്റില്‍ നിന്ന് പാല്‍ പൊട്ടിച്ച് ഉപയോഗിച്ചതിന് ശേഷം നമ്മളെല്ലാവരും വരുത്തുന്ന ഒരു തെറ്റുണ്ട്. ഇത് ഒഴിവാക്കേണ്ടതാണെന്നാണ് മില്‍മ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. പാല് കവറുകള്‍ ശേഖരിച്ച് വച്ചതിന് ശേഷം മാലിന്യം കൊണ്ടുപോകാന്‍ എത്തുന്നവര്‍ക്ക് നല്‍കുകയെന്നതാണ് സാധാരണയായി ചെയ്യാറുള്ളത്.

എന്നാല്‍ പാല് കവറുകള്‍ മാറ്റിവയ്ക്കുമ്പോള്‍ തീര്‍ച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ മില്‍മ വ്യക്തമാക്കുന്നത്. പാല്‍ കവറുകള്‍ക്കുള്ളിലെ വെള്ളത്തിന്റെ അംശത്തെ പറ്റി അധികമാരും ചിന്തിക്കാറില്ല. പാല്‍ കവറുകള്‍ പ്രത്യേകം മാറ്റിയാല്‍ മാത്രം പോര, വെള്ളം കളഞ്ഞുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച വീഡിയോ ഉപയോഗശേഷം പാല്‍കവറുകള്‍ ഹരിതകര്‍മ്മ സേനയ്ക്ക് എങ്ങനെ നല്‍കണമെന്ന് വ്യക്തമാക്കുകയാണ്.

നനവോടെ പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിവെച്ചാല്‍ ബാക്ടീരിയും പ്രാണികളും ഇവയില്‍ അടിഞ്ഞുകൂടാനുള്ള സാദ്ധ്യത കൂടുതലാണ്. പാലിന്റെ അംശം കവറിനുള്ളിലുണ്ടെങ്കില്‍ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടാകും. ഇത് ഒഴിവാക്കാനായി ഉപയോഗശേഷം പാല്‍കവര്‍ മുഴുവനായി മുറിച്ച് കഴുകി വൃത്തിയാക്കാം. ശേഷം നനവ് മാറാന്‍ വെക്കാം. നനവ് പൂര്‍ണമായി മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം പാല്‍ കവര്‍ ചാക്കിലോ ബക്കറ്റിലോ ആക്കി സൂക്ഷിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയാണ് വേണ്ടതെന്നും വീഡിയോയില്‍ പറയുന്നു.