സിംഗപ്പൂർ കപ്പലിലെ പൊട്ടിതെറി ; അഴീക്കലിലേക്ക് പരന്ന് ആശങ്ക

Monday 09 June 2025 9:48 PM IST

കണ്ണൂർ: കേരള തീരത്ത് സിംഗപ്പൂർ കപ്പലിന് തീപിടിച്ചെന്ന വിവരം പടർന്നതോടെ കണ്ണൂരും ആശങ്കയുടെ നിഴലിയായി .അഴീക്കൽ തുറമുഖത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിച്ചെന്നതാണ് ആശങ്കയുടെ ആക്കം കൂട്ടിയത് .ഇതോടെ ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കത്തിലായിരുന്നു അഴീക്കൽ പോർട്ട് ഓഫീസ് അധികൃതർ.തീപിടിക്കാൻ സാദ്ധ്യതയുള്ള അപകടകരമായ കാർഗോ കപ്പലിൽ ഉണ്ടെന്ന വിവരം പുറത്തു വന്നതും വെല്ലുവിളിയുടെ വ്യാപ്തി കൂട്ടി.

എന്നാൽ പിന്നീട് ബേപ്പൂരിലെ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പി.കെ.അരുൺ കുമാർ പറഞ്ഞു. 269 മീറ്റർ നീളമുള്ളതാണ് അപകടത്തിൽപ്പെട്ട വാൻ ഹായ് 503 കപ്പൽ. തീപിടിക്കാൻ സാദ്ധ്യതയുള്ള ദ്രാവകങ്ങൾ (ക്ലാസ് 3), തീപിടിക്കാൻ സാദ്ധ്യതയുള്ള ഖരവസ്തുക്കൾ (ക്ലാസ് 4.1), തനിയെ തീപിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കൾ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കൾ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കൾ ഈ കപ്പലിൽ ഉണ്ടെന്നും അരുൺ കുമാർ പറഞ്ഞു.

ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ ബേപ്പൂരാണ്.ഇവിടെ കേരള മാരിടൈം ബോർഡിന്റെ പോർട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ആവശ്യങ്ങൾക്കുമായി ബേപ്പൂർ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകും. കപ്പലിന് എന്താണ് സംഭവിച്ചതെന്നോ അപകടത്തിന്റെ സ്ഥിതി എന്താണെന്നോ ഇപ്പോൾ പറയാൻ കഴിയില്ല. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്‌. അവരെ രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്തേക്കാണ് കൊണ്ടുവരികയെന്നും ക്യാപ്റ്റൻ അരുൺകുമാർ പറഞ്ഞു.

കടൽ വെള്ളം പരിശോധിച്ചു

ചരക്കു കപ്പൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകളുടെ തുടർന്നാണ് നടപടി.കപ്പലിൽ പെട്ടെന്ന് തീപിടിക്കുന്നതും വിഷാംശമുള്ളതുമായ ചരക്കുകൾ ഉണ്ടായ പശ്ചാത്തലത്തിലുമാണ് പരിശോധന .പയ്യാമ്പലം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം പരിശോധിച്ചു.