കൂത്തമ്പലത്തിൽ ആഗ്രഹസാഫല്യ നിറവിൽ ഹരീഷ് ശിവരാമകൃഷ്ണൻ

Tuesday 10 June 2025 12:00 AM IST
ഹരീഷ് ശിവരാമകൃഷ്ണൻ കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ സംഗീതം അവതരിപ്പിക്കുന്നു

ചെറുതുരുത്തി: കുട്ടിക്കാലം മുതൽ ഹൃദയത്തിലേറ്റിയ ആഗ്രഹം സഫലമായ സന്തോഷത്തിലായിരുന്നു ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സ്വന്തം നാടായ ഷൊർണൂർ മഞ്ഞക്കാട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ സംഗീതം അവതരിപ്പിക്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ങളായി.

അച്ഛന്റെ ബജാജ് സ്‌കൂട്ടറിൽ ഇരുന്ന് കലാമണ്ഡലത്തിലെ പരിപാടികൾ ആസ്വദിക്കാൻ വന്നിട്ടുണ്ട്. പ്രശസ്തരായ പലരുടെയും പരിപാടികൾ കാണാൻ നൂറിലധികം പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും 45ാം വയസിലാണ് ആ ആഗ്രഹം നിറവേറിയത്. തുള്ളൽ വിഭാഗം മേധാവി മോഹനകൃഷ്ണന്റെ വിരമിക്കൽ ചടങ്ങിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അച്ഛൻ ശിവരാമകൃഷ്ണനും വേദിയുടെ മുൻനിരയിലുണ്ടായിരുന്നു. നിറഞ്ഞസദസിൽ കച്ചേരി നിറുത്താൻ ആഗ്രഹമില്ലാതെ ഹരീഷ് പാടിക്കൊണ്ടേയിരുന്നു. കലാമണ്ഡലം വിദ്യാർത്ഥികളും കാഴ്ചക്കാരും പറയുന്ന പാട്ടുകൾ പാടി. സദസ് മുഴുവൻ താളം പിടിച്ചു. വയലിനിൽ വയലാർ രാജേന്ദ്രനും, മൃദംഗത്തിൽ പാലക്കാട് മഹേഷ് കുമാറും, ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും, തംബുരുവിൽ ചന്ദ്രശേഖരും ഒപ്പം ചേർന്നതോടെ അരങ്ങ് കൊഴുത്തു. ഷൊർണൂർ കെ.വി.ആർ സ്‌കൂളിലെ ഗാനമേള ട്രൂപ്പുകളിൽ കീബോർഡ്, വയലിൻ, ജാസ് എന്നിവ കൈകാര്യം ചെയ്തിരുന്നതും ഹരീഷായിരുന്നെന്ന് അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ചന്ദ്രശേഖരൻ ഓർത്തെടുക്കുന്നു. കെ.വി.ആർ സ്‌കൂളിൽ പഠിക്കുമ്പോൾ ഹരീഷും കൂട്ടുകാരും ചേർന്ന് ഒരു ബാൻഡ് സ്‌കൂളിലുണ്ടാക്കി. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് അഗം എന്ന ബാൻഡ് ഉണ്ടാക്കിയത്. സംഗീതത്തോടൊപ്പം ഗൂഗിൾ അഡോബിൽ വർക്ക് ചെയ്യുകയും പിന്നീട് ക്രെഡ് എന്ന സ്വന്തം സ്റ്റാർട്ട് അപ്പിന് തുടക്കമിടുകയും ചെയ്തു. പാലക്കാട് സ്വദേശിയായ ശിവരാമകൃഷ്ണൻ, പ്രഭ ദമ്പതികളുടെ ഏക മകനാണ്. ശിവരാമകൃഷ്ണന് ഷൊർണൂർ സ്റ്റേറ്റ് ബാങ്കിലെ മാനേജരായി ജോലിയിൽ മാറ്റം ലഭിച്ചതോടെ ഹരീഷ് ഷൊർണൂർ മഞ്ഞക്കാട് അർച്ചന വീട്ടിൽ സ്ഥിരതാമസക്കാരനായി. മൂന്നാം വയസ് മുതൽ കലാമണ്ഡലത്തിലെ സംഗീത അദ്ധ്യാപകനായ ചെമ്പൈ കോദണ്ഡരാമ ഭാഗവതർ, പിന്നീട് തിരുവനന്തപുരത്ത് അയ്യങ്കുടി മണി ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. വയലിനിൽ പ്രാവീണ്യം നേടിയത് കിള്ളിക്കുറുശ്ശി മംഗലം ഇ.പി.രമേശിന്റെ കീഴിലാണ്. തുടർന്ന് പ്രൊഫ.ഈശ്വര വർമ്മയുടെ കീഴിലും പരിശീലിച്ചു. ഭാര്യ: ആശ. മകൾ: ശ്രേയ.