കണ്ണൂർ എസ്.എച്ച്.ഒക്കെതിരായ പരാതിയിൽ കഴമ്പില്ല; വിശദീകരണവുമായി വ്യവസായി

Monday 09 June 2025 10:05 PM IST

കണ്ണൂർ: വ്യവസായിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചതായി കണ്ണൂർ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്കെതിരെ ലഭിച്ച പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സൂചന. സ്വകാര്യ വ്യക്തി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരാതിയെന്ന് കണ്ണൂർ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി മുൻപേ പ്രതികരിച്ചിരുന്നു.

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ശ്രീജിത്ത് കൊടേരിയെ യാദൃശ്ചികമായി കണ്ടതാണെന്നും തനിക്ക് പൊലീസിൽ നിന്നോ ശ്രീജിത്ത് കൊടേരിക്ക് തന്നിൽ നിന്നോ ഒന്നും നേടാനില്ലെന്നും കടയുടമയും ബ്‌ളോഗറുമായ കെ.വി റിജേഷും പ്രതികരിച്ചു. തന്റെ കടയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പിറന്നാൾ സമ്മാനമായി സ്‌നേഹത്തോടെയാണ് മുത്തപ്പൻ വിളക്ക് നൽകിയത്. താൻ നൽകിയ സമ്മാനം കേവലം 240 രൂപ മാത്രം വിലവരുന്നതാണ്. ശ്രീജിത്ത് കൊടേരി കടയിൽ നിന്നും ഉരുളിയടക്കമുള്ള സാധനങ്ങൾ പണം നൽകിയാണ് വാങ്ങിയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ചിലപ്പോഴൊക്കെ ഉപഹാരങ്ങൾ നൽകാറുമുണ്ട്. ഇതാണ് തെറ്റായ രീതിയിൽ പ്രചരിച്ചതും വിവാദമായതുമെന്ന് റിജേഷ് പറഞ്ഞു.