ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വൈകും, ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി വച്ചു
ഫ്ലോറിഡ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര മാറ്റിവച്ചു. നാളെ നടത്താനിരുന്ന ആക്സിയം 4 ദൗത്യം മറ്റന്നാളത്തേക്ക് മാറ്റിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 5.30ന് ആയിരിക്കും വിക്ഷേപണം നടക്കുക. നാസയും സ്പേസ് എക്സുമായി ചേർന്ന സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തിൽ നാസ- ഐ.എസ്.ആർ.ഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരൻ, ഐ.എസ്.എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ റെക്കാഡുകളും ദൗത്യം പൂർത്തിയായാൽ ശുഭാംശുവിനെ തേടിയെത്തും.
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ ശുഭാംശു ഉൾപ്പെടെ 4 യാത്രികരാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരുക. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യു.എസ്.എ), സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്‌സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി), എന്നിവരാണ് മറ്റ് യാത്രികർ.,സ്പേസ് എക്സിന്റെ തന്നെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. വിക്ഷേപണത്തിനായി ഡ്രാഗൺ ക്യാപ്സ്യൂളും ഫാൽക്കൺ 9 റോക്കറ്റും 39 എ ലോഞ്ച്പാഡിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. 14 ദിവസം ശുഭാംശുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും