മത്സ്യബന്ധന സീസൺ : കാതോർത്ത് വിഴിഞ്ഞം

Tuesday 10 June 2025 2:41 AM IST

വിഴിഞ്ഞം: ട്രോളിംഗ് നിരോധനം ആരംഭിച്ചതിനു പിന്നാലെ സീസൺ ആരവത്തിന് കാതോർത്ത് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം. സീസണിനെ വരവേൽക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

തമിഴ്നാട് അതിർത്തി തീരങ്ങൾ,അഞ്ചുതെങ്ങ്,പൂവാർ,പെരുമാതുറ,പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തേക്ക് എത്തിത്തുടങ്ങി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾറൂമിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് പ്രതീക്ഷയും സജ്ജമായിരിക്കും. താത്കാലിക ലൈഫ് ഗാർഡുമാരെയും ഇവിടെ നിയമിക്കും.

സീസൺ ആരംഭത്തോടെ മത്സ്യബന്ധന മേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ലകാലമാണ്. താത്കാലിക ലഘുഭക്ഷണശാലകൾ സജ്ജമാക്കുന്നതിനൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുടെ കച്ചവടവും നടക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭീഷണി

കപ്പൽദുരന്തം മൂലം കടലിന്റെ മുകൾത്തട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് തീരത്ത് ദുരിതങ്ങൾ വിതക്കുമ്പോൾ കരയിൽ നിന്നും പൊഴികളും അഴിമുഖങ്ങളും വഴി കടലിലെത്തി അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്ന് ഫ്രണ്ട്സ് ഒഫ് മറൈൻ ലൈഫ് പ്രവർത്തകർ പറഞ്ഞു.

ഫോട്ടോ: വിഴിഞ്ഞത്ത് തയ്യാറായ പരമ്പരാഗത വള്ളങ്ങൾ