സൂപ്പർ മാർക്കറ്റ് വനിതാ ജീവനക്കാരെ അപമാനിച്ച പ്രതിയെ അറസ്റ്റിൽ
മാന്നാർ: മദ്യപിച്ചെത്തി സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരനെ റോഡിൽകൂടി വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ തലവടി വഞ്ചാരപ്പറമ്പിൽ ബൈജുവിനെ (39) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5.30നാണ് മാന്നാർ തൃക്കുരട്ടി ജംഗ്ഷന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിൽ ബ്ലീച്ചിംഗ് പൗഡർ അന്വേഷിച്ച് വന്ന ബൈജു രണ്ട് വനിതാ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയത്. ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ സൂപ്പർമാർക്കറ്റ് മാനേജരായ ലിധിൻ ബൈക്കിന്റെ പിറകുവശത്ത് ബലമായി കയറിപ്പിടിച്ചെങ്കിലും യുവാവ് ബൈക്ക് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ബൈക്കിൽ നിന്നും പിടിവിടാതെ അതിസാഹസികമായി പ്രതിയെ പിടികൂടി പൊലീസിനെ ഏല്പിച്ചെങ്കിലും തിങ്കളാഴ്ച ഹാജരാകണമെന്ന നിർദ്ദേശത്തോടെ രാത്രിയോടെ പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും മൊഴികൾ രേഖപ്പെടുത്തി ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് നടപടികൾ പൂർത്തിയായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.