ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് താനെയിൽ 4 പേർക്ക് ദാരുണാന്ത്യം
മുംബയ്: ലോക്കൽ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ് നാലു യാത്രക്കാർക്ക് ദാരുണാന്ത്യം. താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷനിൽ സി.എസ്.എം.ടിയിലേക്ക് യാത്ര ചെയ്തിരുന്നവരാണ് ട്രെയിനിൽ നിന്ന് വീണത്. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു.
താനെയിലെ കസറയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്ന് ദിവാ - കോപ്പർ സ്റ്റേഷനുകൾക്കിടയിലാണ് യാത്രക്കാർ വീണത്.രണ്ടു ട്രെയിനുകൾ ക്രോസ് ചെയ്യുമ്പോഴാണ് അപകടം. രണ്ടു ട്രെയിനുകളിലും യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളി നിന്നുമാണ് യാത്ര ചെയ്തത്. ക്രോസ് ചെയ്തപ്പോൾ ഇവർ തമ്മിൽ കൂട്ടിയിടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചല്ല അപകടമുണ്ടായതെന്ന് സെൻട്രൽ റെയിൽവെ സി.പി.ആർ.ഒ പറഞ്ഞു. സാധാരണ ഗതിയിൽ രണ്ടു പാളങ്ങൾക്കിടയിൽ 1.5-2.00 മീറ്റർ വീതിയുണ്ട്. എന്നാൽ വളവുകളിലും മറ്റും എത്തുമ്പോഴുള്ള ചരിവ് മൂലമായിരിക്കാം അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് .മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഓട്ടോമാറ്റിക്
വാതിൽ
അപകടത്തെ തുടർന്ന് മുംബയിലെ എല്ലാ ലോക്കൽ ട്രെയിനുകളിലും ഓട്ടോമാറ്റിക് വാതിലുകൾ സജ്ജീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ ഗതാഗത സേവനത്തിലുള്ള ബോഗികളിലും ഓട്ടോമാറ്റിക് ഡോർ സംവിധാനം കൊണ്ടുവരും.