ട്രംപിനെതിരെ കാലിഫോര്‍ണിയ ഭരണകൂടം, പ്രസിഡന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു
വാഷിംഗ്ടണ്‍: കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ലോസ് ആഞ്ചലസില്‍ 2,000 നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കാലിഫോര്‍ണിയ സംസ്ഥാനം രംഗത്ത്. ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂസം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ ലോസ് ആഞ്ചലസില്‍ റെയ്ഡുകള്‍ ശക്തമാക്കി. നിരവധി പേര്‍ കുടിയേറ്റ നിയമം ലംഘിച്ചെന്ന പേരില്‍ അറസ്റ്റിലായി. ഇതോടെ വെള്ളിയാഴ്ചയാണ് പാരാമൗണ്ട് അടക്കമുള്ള ഭാഗങ്ങളില്‍ ലാറ്റിന്‍ വംശജരുടെ നേതൃത്വത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധക്കാര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ഫെഡറല്‍ കെട്ടിടങ്ങളെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ട്രംപ് സൈന്യത്തെ ഇറക്കിയത്. സംസ്ഥാന ഗവര്‍ണര്‍മാരാണ് റിസേര്‍വ് സേനാ വിഭാഗത്തില്‍പ്പെട്ട നാഷണല്‍ ഗാര്‍ഡിനെ സാധാരണ വിന്യസിക്കുന്നത്. നിയമപരമായ പ്രത്യേക വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് ട്രംപ് ന്യൂസത്തിന്റെ എതിര്‍പ്പ് മറികടന്ന് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചത്.
അതേസമയം, ചെറിയ തോതില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ സൈനിക ഇടപെടലിലൂടെ ആളിക്കത്തിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഞായറാഴ്ചയും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗങ്ങളുമുണ്ടായി. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ കത്തിച്ചു. 10 പേര്‍ അറസ്റ്റിലായി. ഡൗണ്‍ടൗണ്‍ ലോസ് ആഞ്ചലസില്‍ കൂട്ടംചേരലുകള്‍ വിലക്കിയ പൊലീസ് പ്രതിഷേധക്കാരോട് മടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെ ഞായറാഴ്ച രാത്രി പൊതുവേ ശാന്തമായിരുന്നു. റെയ്ഡുകള്‍ അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.