കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി
തിരുവനന്തപുരം: ആത്മഹത്യാശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ, ആശുപത്രിയിൽ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ അഫാനെ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. അപകടനില പൂർണമായി തരണം ചെയ്തു.ഓർമ്മക്കുറവില്ല. നടക്കുന്നുണ്ടെങ്കിലും സാധാരണ നിലയിലായിട്ടില്ല.വരും ദിവസങ്ങളിൽ ഇത് മെച്ചപ്പെടും. മരുന്നുകളും തുടരുന്നുണ്ട്. ഇത് പൂർത്തിയായ ശേഷമാകും ജയിലിലേക്കു മാറ്റുക.
പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞമാസം 25നാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ അഫാന്റെ കഴുത്തിലെ ഞരമ്പുകൾക്ക് സാരമായി പരിക്കേറ്റു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഫാൻ കോമയിലേക്ക് പോകാനുള്ള സാദ്ധ്യതയുൾപ്പെടെ ഡോക്ടർമാർ വിലയിരുത്തിയെങ്കിലും അദ്ഭുതകരമായി മരുന്നുകളോട് പ്രതികരിച്ച് അപകടനില അതിജീവിക്കുകയായിരുന്നു.