മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുറങ്ങി: സസ്‌പെൻഡ് ചെയ്‌ത് കമ്മിഷണർ

Tuesday 10 June 2025 1:45 AM IST

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരനെ കമ്മിഷണർ നേരിട്ടെത്തി സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്റ്റേഷനിലാണ് സംഭവം.

സിവിൽ പൊലീസ് ഓഫീസർ ഡി.ആർ.അ‌ർജുനെയാണ് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ,​സ്ഥലംമാറ്റ പാർട്ടികളുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജ്ജുനും ആഘോഷത്തിൽ പങ്കെടുത്തു. മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്നപ്പോൾ സ്റ്റേഷനിലുള്ള ഒരാൾ കമ്മിഷണറെ വിവരമറിയിക്കുകയായിരുന്നു.

മിന്നൽ പരിശോധന എന്ന നിലയിലാണ് കമ്മിഷണറെത്തിയത്. എന്നാൽ അതിന് മുമ്പേ മദ്യപിച്ചിരുന്ന ചില പൊലീസുകാർ തടിതപ്പി. കമ്മിഷണർ എത്തിയപ്പോൾ അർജ്ജുൻ ഉറങ്ങുന്നതാണ് കണ്ടത്. വിളിച്ച് എഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞതോടെ നടപടിയെടുക്കുകയായിരുന്നു.