ശേഖർ കുമാറിനെതിരെ ആഭ്യന്തര അന്വേഷണമില്ല, അന്വേഷണാധികാരം തങ്ങൾക്കെന്ന രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ കത്തിനെ തുടർന്ന്

Tuesday 10 June 2025 12:55 AM IST

ന്യൂഡൽഹി: ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്ന് വിവാദപരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്രിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണമില്ല. സിറ്രിംഗ് ജഡ്‌ജിക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താനുള്ള അധികാരം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റ് സുപ്രീംകോടതിക്ക് കത്ത് നൽകിയിരുന്നു. ഇതോടെ,മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സമയത്ത് തുടങ്ങിവച്ച നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ജഡ്‌ജിക്കെതിരെയുള്ള അന്വേഷണം വേണമോയെന്നത് ഇനി ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകർ തീരുമാനിച്ചേക്കും. 55 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലുണ്ട്.

ഉറച്ച് ജഡ്‌ജി

2024 ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്‌ജിയുടെ വിവാദ പരാമർശം. മുസ്ലിം സമുദായ അംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്ക് പ്രയോഗിച്ചെന്നും ആരോപണമുയർന്നു. പിന്നാലെ ജഡ്‌ജിയെ നേരിട്ടു വിളിച്ചുവരുത്തി കൊളീജിയം താക്കീത് ചെയ്‌തു. ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്നും, അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും ഉപദേശിച്ചു. എന്നാൽ,നിക്ഷിപ്‌ത താത്പര്യക്കാർ തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹൈക്കോടതി ജഡ്‌ജി. സാമൂഹിക ആശങ്കകളാണ് പ്രകടമാക്കിയതെന്നും വ്യക്തമാക്കി.