ഹണിമൂണിനിടെ ഭർത്താവ് കൊല്ലപ്പെട്ട സംഭവം, ഭാര്യയും കാമുകനും അറസ്റ്റിൽ
ഭോപ്പാൽ: ഹണിമൂൺ യാത്രയ്ക്കിടെ നവവരൻ മേഘാലയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശിയെ (29) കൊലപ്പെടുത്താൻ ഭാര്യ സോനവും (25) കാമുകൻ രാജ് കുശ്വാഹയും (21) ചേർന്ന് മൂന്ന് വാടകക്കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു.
തുടർന്ന് കൊലയ്ക്ക് ശേഷം യു.പിയിലെ ഗാസിപൂരിൽ ഒളിവിലായിരുന്ന സോനത്തെ ഇന്നലെ പുലർച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
കുശ്വാഹയെ ഇൻഡോറിൽ നിന്നും വാടക കൊലയാളികളായ ഒരാളെ ഉത്തർപ്രദേശിൽ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനമാണ് തങ്ങൾക്കു ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചു.
മേയ് 11നായിരുന്നു രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. തുടർന്ന് 18ന് രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാൽ ചൗഹാൻ,അനന്ത് കുമാർ,ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു. 20ന് രഘുവംശിയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടു. ഇതിനിടെ സോന തങ്ങളുള്ള സ്ഥലത്തേക്കുറിച്ച് വിവരങ്ങൾ കൊലയാളികൾക്ക് കൈമാറി. തുടർന്ന് 23ന് സോഹ്രയിൽ നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാർത്തയും വന്നു. ജൂൺ 2ന് രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോംഗ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽനിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയില്ല. തുടർന്ന് പൊലീസ് പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തി. ധാബയിലെ ഉടമയുടെ അടുക്കൽ സോനം കരഞ്ഞുകൊണ്ട് ഫോൺ ആവശ്യപ്പെട്ടശേഷം സ്വന്തം വീട്ടുകാരെ വിളിക്കുകയായിരുന്നു. വീട്ടുകാർ വിവരം പൊലീസിന് കൈമാറി. തുടർന്ന് യു.പി പൊലീസിനെ ബന്ധപ്പെട്ട് സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം,അന്വേഷണത്തിന്റെ ഭാഗമായി ഗാസിപൂർ പൊലീസ് സോനത്തെ മേഘാലായ പൊലീസിന് കൈമാറും. മധുവിധുയാത്രയ്ക്കിടെ സോനത്തിനും രഘുവംശിയ്ക്കുമൊപ്പം മൂന്ന് പുരുഷന്മാരെകൂടി കണ്ടിരുന്നുവെന്ന ട്രെക്കിംഗ് ഗൈഡിന്റെ മൊഴിക്ക് പിന്നാലെയാണ് അന്വേഷണം സോനവിലേക്ക് കേന്ദ്രീകരിച്ചതെന്ന് മേഘാലയ പൊലീസ് മേധാവി ഐ. നോംഗാംഗ് പറഞ്ഞു.
സഹോദരന്റെ കമ്പനിയിലെ
ജീവനക്കാരൻ
സോനത്തിന്റെ സഹോദരന്റെ ടൈൽസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു കാമുകൻ രാജ് കുശ്വാഹ. ഫാക്ടറിയിൽ സന്ദർശനത്തിനെത്തുന്ന വേളയിലാണ് തന്നേക്കാൾ നാല് വയസിന് ഇളയവനായ കുശ്‍വാഹയുമായി സോനം പ്രണയത്തിലായത്.
എന്നാൽ,വീട്ടുകാർ ബിസിനസുകാരനായ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. അറസ്റ്റിലായവരിൽ രാജ് കുശ്വാഹയെന്ന 21കാരനുമായി സോനം അടുപ്പത്തിലാണെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. കുശ്‍വാഹയെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തതോടെയാണ് സോനത്തിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
കവർച്ചയ്ക്കും പദ്ധതിയിട്ടു
സോനം ഹണിമൂണിന് മുന്നേതന്നെ കൊലപാതകത്തിനും അതുകഴിഞ്ഞുള്ള കവർച്ചയ്ക്കും പദ്ധതിയിട്ടെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ സ്വർണാഭരണങ്ങളും ധരിച്ചാണ് രാജ രഘുവംശി മധുവിധുവിനെത്തിയത്. സോനവും രഘുവംശിയും അവരവരുടെ വീടുകളിൽനിന്നാണ് വിമാനത്താവളത്തിലെത്തിയത്. രഘുവംശി മുഴുവൻ ആഭരണവും ധരിച്ച് പോകുന്നതിനെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, സോനം പറഞ്ഞിട്ടാണ് അങ്ങനെ പോവുന്നതെന്നും അവൾക്ക് അങ്ങനെയാണ് തന്നെ കാണാൻ ആഗ്രഹമെന്നും രഘുവംശി മാതാപിതാക്കളോട് പറഞ്ഞു. ഡയമണ്ട്, സ്വർണാഭരണങ്ങൾ ഉൾപ്പെടെ പത്തുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുണ്ടായിരുന്നു. മാത്രവുമല്ല സോനം യാത്ര കഴിഞ്ഞുള്ള മടക്ക ടിക്കറ്റ് എടുത്തിരുന്നുമില്ല. ഷില്ലോംഗ് എന്ന സ്ഥലം തീരുമാനിച്ചതും ബുക്കിംഗും മറ്റുകാര്യങ്ങളുമെല്ലാം തീരുമാനിച്ചതും സോനമായിരുന്നു.