ജ. യശ്വന്ത് വർമ്മ രാജി വയ്‌ക്കുമോയെന്നതിൽ ആകാംക്ഷ

Tuesday 10 June 2025 1:19 AM IST

ന്യൂഡൽഹി: ഇംപീച്ച്മെന്റ് എന്ന നാണക്കേട് ഒഴിവാക്കാൻ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്‌ക്കുമോയെന്നതിൽ ആകാംക്ഷ തുടരുന്നു. ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജിക്കെതിരെ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ നീക്കമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചന നടത്തിയ ശേഷം കേന്ദ്രം നിർണായക നടപടികളിലേക്ക് കടക്കും. ഇംപീച്ച്മെന്റിൽ നിന്ന് രക്ഷ നേടണമെങ്കിൽ രാജിവയ്‌ക്കുക എന്ന പോംവഴിയേ ജഡ്‌ജിക്ക് മുന്നിലുള്ളുവെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജിവച്ചാൽ,റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിക്ക് അവകാശപ്പെട്ട പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. പാർലമെന്റ് പുറത്താക്കിയാൽ ഇവ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. ജൂലായ് 21 മുതൽ ആഗസ്റ്റ് 12 വരെയാണ് വർഷകാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച സമിതി യശ്വന്ത് വർമ്മ തെറ്റുകാരനാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇംപീച്ച്മെന്റിന് രാഷ്ട്രപതിയോടും കേന്ദ്രസർക്കാരിനോടും ശുപാർശ ചെയ്‌തു. രാജിവയ്‌ക്കാനും സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ അലഹബാദ് ഹൈക്കോടതിയിലാണെങ്കിലും ജുഡീഷ്യൽ ജോലിയിൽ നിന്ന് പൂർണമായി ഒഴിവാക്കി നിർത്തിയിരിക്കുകയാണ്.