വ്യാജ മാല മോഷണക്കേസ്: വീട്ടുടമസ്ഥരുടെ മൊഴിയെടുത്തു

Tuesday 10 June 2025 2:39 AM IST

തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് ആർ.ബിന്ദുവിനെ (39) പേരൂർക്കട സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച കേസിൽ വീട്ടുടമയായ സ്ത്രീയുടെ മൊഴിയെടുത്തു.

അമ്പലംമുക്ക് എൻ.സി.സി റോഡ് ഭഗവതി നഗർ 117 ബഥേൽ വീട്ടിൽ ഓമന ഡാനിയേലിന്റെ മൊഴിയാണെടുത്തത്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. വീട്ടിൽ നിന്ന് സ്വർണമാല തിരിച്ചുകിട്ടിയെങ്കിലും തന്റെ പരാതി സത്യമാണെന്ന് ഓമന പറഞ്ഞതായാണ് വിവരം. വീടിനകത്തിരുന്ന മാലയാണ് മോഷണം പോയതെന്നും വീടിനു പിന്നിൽ നിന്നാണ് നഷ്ടപ്പെട്ട മാല കണ്ടെത്തിയതെന്നും ഇവർ പറയുന്നു.

വരുംദിവസങ്ങളിൽ ബിന്ദുവിന്റെ മൊഴിയുമെടുക്കും. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം മൊഴിയെടുക്കലിനായി ലീഗൽ സർവീസ് അതോറിട്ടി അഭിഭാഷകയെ നിയോഗിച്ചിട്ടുണ്ട്.