'സുന്ദരിയാണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്, അഭിനയത്തെക്കുറിച്ച് പുകഴ്‌ത്തുന്നവരാരും സ്വഭാവത്തെക്കുറിച്ച് പറയില്ല'

Tuesday 10 June 2025 11:50 AM IST

മലയാളികൾ ഉൾപ്പെടെ വിവിധ ഭാഷകളിൽ ആരാധകരുള്ള താരമാണ് സുഹാസിനി. നടിയെക്കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താൻ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ പറഞ്ഞത്. 'വെർഡിക്‌റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സുഹാസിനിയെക്കുറിച്ച് തമാശയായി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ സുഹാസിനിയും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്.

'സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയും. എന്നാൽ, ഈ സ്വഭാവത്തെക്കുറിച്ച് ആരും പറയില്ല. താനൊരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്ക് തന്നെയാണ്. ഒരു ദിവസം അവർ എന്നോട് പറഞ്ഞു, പാർത്ഥിപൻ എനിക്ക് 50 വയസായെന്ന്. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ എല്ലാ സ്‌ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. അങ്ങനെയുള്ളപ്പോൾ ഒരു സ്‌ത്രീ തനിക്ക് 50 വയസായി എന്ന് ധൈര്യത്തോടെ പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും അവർ എത്ര സുന്ദരിയാണെന്ന് നോക്കൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം' - പാർത്ഥിപൻ പറഞ്ഞു.

അതേസമയം, പാർത്ഥിപൻ തന്നെ കളിയാക്കുന്നതിനെക്കുറിച്ച് സുഹാസിനി ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. തനിക്കിപ്പോൾ 63 വയസുണ്ട്. 80 കഴിഞ്ഞാലും പ്രായം തുറന്നുപറയുന്നതിൽ എനിക്കൊരു മടിയുമില്ല. വയസെന്നാൽ അനുഭവമാണ്. അത് പറയുന്നതിൽ എന്താണ് പ്രയാസം. അതൊരു അഭിമാനമാണെന്നാണ് സുഹാസിനി പറഞ്ഞത്.