ബീഫ് ഫ്രെെയോടൊപ്പം പച്ച സവാള കഴിക്കാറുണ്ടോ? എന്നാൽ ഇത് അറിഞ്ഞിരിക്കണം

Tuesday 10 June 2025 12:30 PM IST

ബീഫ് ഫ്രെെയ്ക്കും ഫിഷ് ഫ്രെെയ്ക്കും ചിക്കൻ ഫ്രെെയ്ക്കും ഒപ്പം സവാള കഴിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ട്. ഹോട്ടലിൽ ഇവ ഓഡർ ചെയ്താലും സവാള തരാറുണ്ട്. എന്നാൽ ഇങ്ങനെ സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോയെന്ന് ആലോചിച്ചിട്ടുണ്ടോ? ശരിക്കും സവാളയിൽ ആരോഗ്യത്തിന് ഗുണകരമായ നിരവധി കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ജലാംശത്താൽ സമ്പന്നമായ സവാളയിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകളാണ്. കൂടാതെ സവാളയിൽ കാലറി വളരെ കുറവാണ്.

ധാരാളം ഫെെബറും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും സവാള നല്ലതാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫെെബറുകൾ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം കുറയ്ക്കാനും സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹമോ പ്രീ ഡയബറ്റീസോ കുറയ്ക്കാൻ ദിവസവും സവാള കഴിക്കുന്നത് നല്ലതാണ്. പച്ച ഉള്ളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.

ചെറുകുടൽ, അഡിപ്പോസ് ടിഷ്യു, പാൻക്രിയാസ്, കരൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉള്ളി സഹായിക്കുന്നു. അതിനാൽ ഇത് കഴിക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായി ഉള്ളി കഴിച്ചാൽ നെഞ്ചെരിച്ചിലിന് കാരണമാകുന്നു. ചെറിയുള്ളിയിലും ധാരാളം വെെറ്റമിൻ സി ഉണ്ട്. അതിനാൽ ചെറിയുള്ളി കഴിക്കുന്നതും വളരെ നല്ലതാണ്.