നാടൻ തേങ്ങയുടെ രുചി അതിർത്തി കടക്കുന്നു
കോട്ടയം : വില കുതിച്ചുയരുന്നതിനിടെ നാടൻ തേങ്ങയ്‌ക്ക് അന്യസംസ്ഥാനങ്ങളിൽ ഡിമാൻഡേറുന്നു. ഇതോടെ വരവ് തേങ്ങ വിപണി കീഴടക്കുകയാണ്. ഒരു കിലോ തേങ്ങയുടെ വില 85 - 90 രൂപയാണ്. നേരത്തെ വിഷു സീസണിൽ വില 90 കടന്നിരുന്നു. ഓണമടുക്കുന്നതോടെ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. സങ്കരയിനത്തേക്കാൾ നാടൻ തേങ്ങയ്ക്ക് ഗുണമേന്മ കൂടുതലായതിനാലാണ് ഇവ വ്യാപകമായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും തേങ്ങയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളാണ് ആവശ്യക്കാർ. നേരത്തെ എണ്ണയ്‌ക്ക് മാത്രമായിരുന്നു തേങ്ങ കമ്പനികൾ ശേഖരിച്ചിരുന്നത്. പായ്ക്കറ്റ് തേങ്ങാപ്പാൽ, തേങ്ങാപ്പീര, തേങ്ങാപൗഡർ ഉൾപ്പെടെ നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അതേസമയം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കു തേങ്ങാ വ്യാപകമായി വരുന്നുണ്ടെങ്കിലും ഗുണമേന്മയില്ല. വില വർദ്ധിച്ചാലും നാട്ടിലെ കർഷകന് ലഭിക്കുന്നത് 25 രൂപയിൽ താഴെയാണ്.
ഡിമാൻഡേറാൻ കാരണം ആട്ടിയാൽ ഉയർന്ന അളവിൽ എണ്ണ ലഭിക്കും
കാമ്പും നാടൻ തേങ്ങയ്ക്കു കൂടുതലാണ്
പിഴിഞ്ഞെടുത്താൽ പാൽ അളവ് കൂടുതൽ
നാളീകേര പൊടി നിർമ്മാണത്തിനും ലാഭം
തേങ്ങാപ്പൊടിയ്‌ക്ക് വിദേശത്ത് വിപണി
വെളിച്ചെണ്ണ വിലയിലും കുതിപ്പ്
തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയുടെ വിലയിലും പ്രതിഫലിച്ചു. വില 330 ലേക്കെത്തി. വരുദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ കൊപ്ര വിൽക്കുന്ന ചെറുകിട കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ല.
തേങ്ങ ഉത്പാദനത്തിലെ ഇടിവ് അവസരമാക്കി വെളിച്ചെണ്ണ വിപണിയിൽ കൃത്രിമക്ഷാമമുണ്ടാക്കുകയാണെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ വ്യാജനും കളംപിടിച്ചു.
തെങ്ങിൻ തൈയ്‌ക്ക് : 150 - 350 രൂപ
വളം, കീടനാശിനി തുടങ്ങിയവയ്ക്കും വൻ ചെലവാണ്. നാലുമുതൽ അഞ്ചുവർഷം എടുക്കും കായ്ക്കാൻ. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം.
''നാടൻ തേങ്ങയ്ക്ക് ഡിമാൻഡേറിയതോടെ വിപണി വിലയേക്കാൾ ഉയർന്ന വില നൽകി ഏജന്റുമാർ ശേഖരിക്കുകയാണ്. വില ഉയരാനുള്ള സാദ്ധ്യതയേറെയാണ്.
(എബി ഐപ്പ്, ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)