മൂന്നാം ക്‌ളാസുകാരി മരിച്ചത് ഊഞ്ഞാലിൽ കുരുങ്ങിയല്ല, ലൈംഗികപീഡനം കാരണം: 50 പേരെ ചോദ്യം ചെയ്തു
മൂന്നാർ: ഗുണ്ടുമല തേയില എസ്റ്റേറ്റ് ലയത്തിലെ മൂന്നാം ക്ലാസുകാരിയുടെ മരണം ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങിയല്ല മറിച്ച്, കൊല്ലപ്പെട്ടതാണെന്ന സംശയത്തിന് ബലം വയ്ക്കുന്നു. മൂന്നാറിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ട് വയസുകാരിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുണ്ടുമല അപ്പർ ഡിവിഷൻ എസ്റ്റേറ്റ് ലയത്തിലെ കട്ടിലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതശരീരം കിടന്നിരുന്നത്. ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുക്കിയത് കാരണമാണ് പെൺകുട്ടി മരണപ്പെട്ടതിനായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതിനെ തുടർന്ന് അന്വേഷണം ഇങ്ങോട്ടേക്ക് വഴിതിരിയുകയായിരുന്നു. ഇതിനെ തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. മൂന്നാർ ഡി.വൈ.എസ്.പി എം. രമേശ്കുമാർ നേതൃത്വം നൽകുന്ന പതിനൊന്നംഗ അന്വേഷണ സമിതി പൊലീസ് രൂപീകരിച്ചിട്ടുണ്ട്. സംഭവം നടന്ന തേയില എസ്റ്റേറ്റിന് സമീപത്തായുള്ള പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ഓഫീസ് തുറന്നിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പലരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയാണ്.