ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ച ദൗത്യം
ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാൻ ഇന്ത്യ നിയോഗിച്ച ഏഴ് പ്രതിനിധി സംഘങ്ങളും ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിനായി ഏഴ് പ്രതിനിധി സംഘങ്ങളെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഇവർ വ്യത്യസ്ത രാജ്യങ്ങളിലേക്കാണ് പോയത്. 32 രാജ്യങ്ങൾ ഇവർ സന്ദർശിച്ചു. പ്രതിപക്ഷത്തെ പാർലമെന്റ് അംഗങ്ങളും മുൻ നയതന്ത്ര വിദഗ്ദ്ധരും ഭരണപക്ഷത്തെ എം.പിമാരും മറ്റും അടങ്ങുന്നതായിരുന്നു പ്രതിനിധി സംഘങ്ങൾ. ഇന്ത്യയുടെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും ഉറച്ച നിലപാടിന്റെയും കാര്യങ്ങൾ വിശദീകരിക്കേണ്ടിവരുമ്പോൾ ഭരണപക്ഷ, പ്രതിപക്ഷ ഭേദം പാടില്ല എന്ന തീരുമാനമാണ് ഈ പ്രതിനിധി സംഘത്തിന്റെ പ്രാധാന്യം ഉയർത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ശത്രുരാജ്യവുമായുള്ള ഏറ്റുമുട്ടലിനു ശേഷം ലോക രാജ്യങ്ങളോട് എന്താണ് നടന്നത് എന്നതു വിശദീകരിക്കാൻ പ്രതിനിധി സംഘത്തെ നിയോഗിച്ചത്. പഹൽഗാമിലെ ഭീകരതയ്ക്ക് മറുപടിയായാണ് ഇന്ത്യ നാലുദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇന്ത്യ പാകിസ്ഥാനിലെ ജനങ്ങളെ ശത്രുക്കളായി കാണുന്നില്ല എന്നതിനു തെളിവായി, ജനവാസ മേഖലകളൊന്നും ആക്രമിച്ചിട്ടില്ല എന്നത് ലോകത്തെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഭീകരരെ തുണയ്ക്കുന്ന പാകിസ്ഥാന്റെ മനോഭാവത്തെ മാത്രമാണ് ഇന്ത്യ എതിർക്കുന്നത്. ആദ്യ ദിനത്തിൽ ഒൻപത് ഭീകര ക്യാമ്പുകളാണ് തകർത്തത്. പാകിസ്ഥാന്റെ അതിർത്തി ലംഘിക്കാതെയാണ് ആക്രമണം സാദ്ധ്യമാക്കിയത്. അതിന് മറുപടിയായി ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങൾ പോലും ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിനു തുനിഞ്ഞപ്പോഴാണ് പാക് വ്യോമത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ഇന്ത്യ തകർത്തത്.
ഇനിയും ഭീകരാക്രമണത്തിന് പിന്തുണ നൽകുന്ന സമീപനം പാകിസ്ഥാൻ തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കാൻ ഒരു നിമിഷം വൈകില്ല എന്ന ശക്തമായ സന്ദേശം ഒരു സന്ദേഹത്തിനും ഇടനൽകാതെ ലോകത്തെ അറിയിക്കാൻ കൂടിയാണ് പ്രതിനിധി സംഘം പോയത്. ഇന്ത്യയുടെ 'ന്യൂ നോർമൽ" എന്താണ് എന്നത് സംശയരഹിതമായി പ്രതിനിധി സംഘം സന്ദർശിച്ച എല്ലാ രാജ്യങ്ങളിലെയും പ്രധാനപ്പെട്ട ഭരണാധികാരികളെയും നയതന്ത്ര വിദഗ്ദ്ധരെയും ബോദ്ധ്യപ്പെടുത്താൻ പ്രതിനിധി സംഘങ്ങൾക്ക് കഴിഞ്ഞു. വിദേശത്തെ പത്രപ്രവർത്തക സംഘങ്ങൾക്കും വ്യക്തയോടെയും തെളിവുകളുടെ പിൻബലത്തോടെയും കാര്യങ്ങൾ മനസിലാക്കാനും പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളുടെയും വീരവാദങ്ങളുടെയും പൊള്ളത്തരം മനസിലാക്കാനും പ്രതിനിധി സംഘങ്ങളുടെ സന്ദർശനം ഇടയാക്കി. പ്രതിനിധി സംഘം സന്ദർശിച്ച രാജ്യങ്ങളിൽ യു.എൻ സെക്യൂരിറ്റി കൗൺസിലിലെ അംഗ രാജ്യങ്ങളും ഉൾപ്പെടുന്നു.
പാകിസ്ഥാനെ അനുകൂലിക്കുന്ന രാജ്യങ്ങളിലും വിശദീകരണം നടത്താനായി എന്നതാണ് ഈ ദൗത്യത്തെ വിജയിപ്പിച്ച ഏറ്റവും വലിയ ഘടകങ്ങളിലൊന്ന്. 'ആണവ യുദ്ധം" ഒഴിവാക്കുന്നതിന്റെ ഭാഗമായി താൻ ഇടപെട്ടാണ് ഇന്ത്യ - പാക് ഏറ്റുമുട്ടൽ അവസാനിപ്പിച്ചതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തെറ്റാണെന്നത് കാര്യകാരണ സഹിതം വാഷിംഗ്‌ടണിലും ന്യൂയോർക്കിലും നടന്ന പത്രസമ്മേളനങ്ങളിലും യോഗങ്ങളിലും തുറന്നുകാട്ടാനും പ്രതിനിധി സംഘത്തിന് കഴിഞ്ഞു. ശാന്തിക്കു വേണ്ടിയാണ് ഇന്ത്യ നിലനിൽക്കുന്നതെന്നും, എന്നാൽ ശക്തി ഞങ്ങൾ കൈവിടില്ലെന്നും ലോകത്തെ ശക്തിയുക്തം ബോദ്ധ്യപ്പെടുത്താൻ പ്രതിനിധി സംഘങ്ങൾക്ക് കഴിഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കാനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളും തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ലോകമെങ്ങും ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഈ ദൗത്യസംഘങ്ങൾക്ക് കഴിഞ്ഞു എന്നത് ആർക്കും നിഷേധിക്കാനാകില്ല.