നവോത്ഥാന സദസിനിടെ അദ്ധ്യാപികയോട് മോശമായി പെരുമാറി ഇടത് നേതാവ്, പിന്നാലെ പരാതിപ്രളയം

Friday 13 September 2019 11:02 AM IST

തൃശൂർ: നവോത്ഥാന സദസിനിടെ അദ്ധ്യാപികയോട് കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ അംഗം മോശമായി പെരുമാറിയ സംഭവം സി.പി.എമ്മിന് തലവേദനയാകുന്നു. 2018 ഒക്ടോബർ 27നാണ് സംഭവത്തെ തുടർന്ന് എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറായ പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇയാൾ അദ്ധ്യാപികയുടെ കൈയിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. എന്നാൽ സദസിൽ വച്ച് അദ്ധ്യാപിക തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് കാണിച്ച് ഇയാൾ നൽകിയ പരാതിയിൽ പൊലീസ് അദ്ധ്യാപികയ്‌ക്കെതിരെയും കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് അടുത്ത ദിവസം അദ്ധ്യാപികയെ അവർ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്‌കൂളിൽ നിന്നും തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു.

തന്റെ മേലുദ്യോഗസ്ഥന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങികൊടുക്കാത്തതിനാലാണ് തന്നെ സ്ഥലം മാറ്റിയതെന്ന് അദ്ധ്യാപിക നവംബർ 27ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഈ പരാതിയിൽ ഡിസംബർ എട്ടിന് പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തന്നെ അദ്ധ്യാപിക ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി കാണിച്ച് ഡിസംബർ 19ന് പ്രകാശ് ബാബു പരാതി നൽകി. സംഭവം നടന്ന് ഒന്നര മാസം ഇയാൾ കഴിഞ്ഞ് പരാതി നൽകിയത് തന്നെ മനപ്പൂർവം കുടുക്കുന്നതിന് വേണ്ടിയാണെന്നാണ് അദ്ധ്യാപിക ആരോപിക്കുന്നത്. ഏതായാലും ഈ സംഭവം സി.പി.എമ്മിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പാർട്ടിയുടെ പോഷക സംഘടനയിലെ ജില്ലാ കമ്മിറ്റി അംഗവും ഉപജില്ലാ കമ്മിറ്റി അംഗവുമാണ് കേസിലെ കക്ഷികൾ എന്നതാണ് സി.പി.എമ്മിന്റെ തലവേദനയ്ക്ക് കാരണം.