കട കുത്തിപ്പൊളിച്ച് മോഷണം: പ്രതി പിടിയിൽ
കുട്ടനാട്: രാമങ്കരി ജംഗ്ഷനിലെ അഞ്ചിൽ സ്റ്റേഷനറി, പലചരക്ക് കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കളർകോട് സ്വദേശിയായ സുഭാഷ് (35) ആണ് ഇന്നലെ പുലർച്ചെ രാമങ്കരി പൊലീസിന്റെ പിടിയിലായത്.
പിൻവാതിലിലെ പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സി.സി ടി വി ഹാർഡ് ഡിസ്കും വിലപിടിപ്പേറിയ സുഗന്ധദ്രവ്യങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. കടയിൽ നിന്നുമെടുത്ത ഹാഡ് ഡിസ്ക്കും മറ്റും പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് തരിശിട്ടിരിക്കുന്ന സമീപത്തെ പാടശേഖരത്തേക്ക് എറിഞ്ഞു നശിപ്പിച്ച ശേഷമാണ് ഇയാൾ അന്ന് സ്ഥലംവിട്ടത്. ഇന്നലെ വൈകിട്ട് സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഇതുൾപ്പെടെ പൊലീസ് കണ്ടെടുത്തു. ഏഴ് വർഷങ്ങൾക്ക് മുന്പ് ഇതേ കടയുടെ ഓട് പൊളിച്ച് പാതിരാത്രി സി.സി ടി വിയുടെ ഹാഡ് ഡിസ്ക് ഉൾപ്പെടെ മോഷ്ടിച്ചിരുന്നു. ഇയാൾ നിരവധി മോഷണകേസുകളിൽ പ്രതിയാണെന്നാണ് വിവരം.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജി. എ.എസ്.ഐമാരായ ബൈജു, പ്രേംജിത്ത്, ലിസമ്മ, സി. പി.ഒമാരായ നൗഫൽ, ജോസഫ്, പ്രശാന്ത്, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.