പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

Wednesday 11 June 2025 1:53 AM IST

തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ പോക്സോകേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ ഫോർട്ട് സ്കൂൾ ഹെ‌ഡ്മാസ്റ്റർ ടി.എസ്. പ്രദീപ്കുമാറിനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശാനുസരണം സ്കൂൾ മാനേജർ പി.ജ്യോതീന്ദ്രകുമാറിന്റേതാണ് നടപടി. സംഭവത്തിൽ സ്‌കൂളിന് ഗുരുതര പിഴവ് സംഭവിച്ചെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്കൂൾ മാനേജർ നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ജൂൺ 2ന് നടന്ന പ്രവേശനോത്സവത്തിൽ പോക്സോ കേസിൽ ഉൾപ്പെട്ട വ്ലോഗർകൂടിയായ മുകേഷ് എം.നായർ പങ്കെടുത്തിരുന്നു. പഠനോപകരണവിതരണം നടത്തിയ ജെ.സി.ഐ എന്ന സംഘടനയാണ് ഇയാളെ ക്ഷണിച്ചതെങ്കിലും സ്‌കൂൾ അധികൃതർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും മുകേഷാണ് വിതരണം ചെയ്തത്. റിട്ട. അസിസ്റ്റന്റ് കമ്മിഷണർ സുനിൽ ഒ.എ,​വാർഡ് കൗൺസിലർ ജാനകി അമ്മാൾ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയിന്മേൽ മുകേഷിനെ ഒന്നാംപ്രതിയാക്കി കോവളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.