സോഷ്യൽ മീഡിയയിൽ തിളങ്ങി ആലിയും നീലുവും
വാടാനപ്പിള്ളി: സോഷ്യൽ മീഡിയയിലെ താരങ്ങളാണ് മൂന്നര വയസുള്ള ഇരട്ടകളായ ആലിയും നീലുവും. ഇവരുടെ നൂറു കണക്കിന് റീൽസുകളാണ് രണ്ട് വർഷത്തിനുള്ളിൽ ആളുകൾ കണ്ടത്. അരിമ്പൂർ ഗോപി മാച്ചിന് സമീപം വടക്കൂട്ട് അശ്വതിയുടെയും വിനീഷിന്റെയും മക്കളാണ് ആലിയും നീലുവും. നിഹ, നില എന്നാണ് ഈ കുഞ്ഞു മിടുക്കികളുടെ യഥാർത്ഥ പേര്. മോഹൻലാലിന്റെ ആരാധകർ കൂടിയാണ് ഈ കുരുന്നുകൾ. ലാലേട്ടനെ അനുകരിച്ച് കാണിക്കാനും വളരെ ഇഷ്ടം. ഈയൊരു താൽപ്പര്യം കാരണമാണ് മോഹൻലാൽ അഭിനയിച്ച കഥാപാത്രങ്ങളായ കുഞ്ഞാലിയിൽ നിന്ന് ആലിയും മംഗലശ്ശേരി നീലകണ്ഠനിൽ നിന്ന് നീലുവും എടുത്ത് ആലി, നീലു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ റീൽസുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഒന്നര വയസിലാണ് കുട്ടികൾക്ക് ഡാൻസിലും പാട്ടിലും ഇഷ്ടം കൂടുന്നത്. പല വ്യക്തികളെയും അനുകരിച്ച് കാണിക്കാനും ഇവർ ശ്രമിക്കുന്നു. കുട്ടികളുടെ താൽപ്പര്യം കണ്ടറിഞ്ഞ അമ്മ അശ്വതിയാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇപ്പോൾ ആലിക്കും നീലുവിനും ആരാധകരും ഏറെയായി. ആരാധന ലാലേട്ടനോടാണെങ്കിലും ഡാൻസ് കളിക്കാനുള്ള പാട്ടുകളിൽ ഹിന്ദിയാണ് ഇവർക്കിഷ്ടം. പാട്ടുകൾക്കനുസരിച്ച് വേണ്ട ചമയങ്ങളും നടത്തി ആരെയും ആകർഷിക്കുന്നതാണ് ഓരോ റീൽസുകളും.
ഈ അദ്ധ്യയന വർഷം കൂടി കഴിഞ്ഞ ശേഷം ഇരുവരും അങ്കണവാടിയിൽ പോയി തുടങ്ങും. അതുവരെ പുതിയ പുതിയ ഡാൻസും പാട്ടുമായി ആലിയും നീലുവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും.