പച്ചപ്പിലേക്ക് ആലപ്പുഴ

Wednesday 11 June 2025 12:18 AM IST

ആലപ്പുഴ : പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് സെപ്തംബർ 30വരെയുള്ള കാലയളവിൽ ഒരുകോടി വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ വൃക്ഷവത്കരണ പരിപാടിയായ ഒരു തൈ നടാം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി . ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോമളപുരം സ്പിന്നിംഗ് മിൽ വളപ്പിൽ വൃക്ഷത്തൈകൾ നട്ട് പച്ചത്തുരുത്ത് സ്ഥാപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പച്ചത്തുരുത്ത്, ഓർമ്മതുരുത്ത്, വൃക്ഷ വത്കരണം എന്നിവയിലൂടെ നാടിന് അനുയോജ്യവും, വംശനാശ ഭീഷണി നേരിടുന്നതുമായ ചെറുപുന്ന, കമ്പകം, കാഞ്ഞിരം, നീർമരുത്, അശോകം, ആര്യവേപ്പ്, ഞാറ, ഞാവൽ, തുടങ്ങിയ വൃക്ഷങ്ങൾ ക്യാമ്പയിന്റെ ഭാഗമായി നടും.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്ത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്, കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് ജനറൽ മാനേജർ വി.ആർ.ഹോബി, അസി.ജനറൽ മാനേജർ അനോഫ് കുമാർ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, ഗ്രാമപഞ്ചായത്തംഗം രാജേഷ് രജി , അസി.സെക്രട്ടറി സുധീർ, സീമ റോസ് എന്നിവർ സംസാരിച്ചു.

പുറമ്പോക്കുകൾ പച്ചത്തുരുത്താകും

 വനംവകുപ്പിൽ നിന്ന് ലഭ്യമായ വലിയ വൃക്ഷത്തൈകൾക്ക് പുറമേ പ്രാദേശികമായും തൈകൾ ശേഖരിച്ചാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്

 മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത വീഥികളും ടൗണുകളുമായി പ്രഖ്യാപിച്ച ഇടങ്ങളിലും വൃക്ഷവത്കരണം നടത്തും

 ജില്ലയിൽ 149 സെന്റ് സ്ഥലത്തായി 17പച്ചത്തുരുത്തുകളാണ് പുതിയതായി സ്ഥാപിച്ചത്

വരും ദിവസങ്ങളിൽ 63 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ലഭ്യമായ ഭൂമി, പുറമ്പോക്കുകളിലും പച്ചത്തുരുത്തുകൾ സ്ഥാപിക്കും

 നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ, ഹരിതവിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അങ്കണങ്ങളിലും വൃക്ഷവത്കരണം ലക്ഷ്യമിടുന്നു