സി.പി.ഐ നേതാക്കളുടെ ശബ്ദരേഖ പുറത്ത്: 'ബിനോയ് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും'

Wednesday 11 June 2025 12:10 AM IST

കൊച്ചി: സി.പി.ഐയിലെ ചേരിപ്പോര് തുറന്നുകാട്ടുന്നവിധം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മറ്റൊരു നേതാവും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖ പുറത്തായി. ബിനോയ് വിശ്വം പുണ്യവാളനാകാൻ ശ്രമിക്കുകയാണെന്നും കഴിവില്ലെന്നും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ശബ്ദരേഖയിലുണ്ട്. സമ്മേളനകാലത്തെ മുതിർന്ന നേതാക്കളുടെ അടക്കംപറച്ചിൽ സി.പി.ഐയ്ക്ക് നാണക്കേടായി. ശബ്ദരേഖയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

മൂവരും കാറിൽ സഞ്ചരിക്കവേ, കമലാസദാനന്ദന് ഒരു ഫോൺകോൾ വന്നു. അതു കട്ടായില്ലെന്ന് മനസിലാക്കാതെ മൂവരും സംസാരം തുടർന്നു. മറുതലയ്ക്കൽ ഇത് റെക്കോഡ് ചെയ്ത് പുറത്തുവിട്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്.

വിഭാഗീയതയുടെ പേരിൽ മുൻ ജില്ലാ കൗൺസിൽ അംഗം കെ.പി. വിശ്വനാഥനെതിരെ നടപടിയെടുത്തതിനെ വിമർശിക്കുന്നതാണ് ശബ്ദരേഖയിലെ തുടക്കം. ബിനോയ് വിശ്വത്തിന്റെ സഹോദരി ബീന ഭരണത്തിൽ ഇപെടുന്നതായും കമല ആരോപിക്കുന്നുണ്ട്. പി. സന്തോഷ്‌കുമാർ സെക്രട്ടറിയാകാൻ യോഗ്യനെന്നും പരാമർശമുണ്ട്. രാജു പക്ഷത്തിൽനിന്ന് ഏറെ പണിപ്പെട്ടാണ് എറണാകുളം ജില്ല കാനം രാജേന്ദ്രൻ പക്ഷം കഴിഞ്ഞ സമ്മേളനത്തിൽ പിടിച്ചെടുത്തത്. കാനം പക്ഷക്കാരനായ ബിനോയ് വിശ്വത്തിനെതിരെ അതേ പാളയത്തിൽനിന്ന് ഉയർന്ന ആക്ഷേപങ്ങൾ എതിർചേരിയെയും അമ്പരപ്പിച്ചു. ശബ്ദരേഖ പരിശോധിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന എക്‌സിക്യുട്ടീവും സംസ്ഥാന കമ്മിറ്റിയും.

* നശിച്ചുപോകുമെന്നും ശബ്ദരേഖ

കമല: ഇയാളോട് (ബിനോയ് വിശ്വം) ചോദിച്ചിട്ട് വേണോ നമുക്ക് നടപടി എടുക്കണമെങ്കിൽ

ദിനകരൻ: ഏയ്...

കമല: അവൻ സ്റ്റേറ്റ് കൗൺസിലൊന്നുമല്ലല്ലോ നടപടി എടുക്കുമ്പോൾ ചോദിക്കാൻ, ഈ ബീനേടെ അടുത്തുപോയിട്ട് ബീനേം കൂട്ടിപ്പോകുന്ന ആൾക്കാരൊക്കെ ഉണ്ടട്ടോ. ബീന ഭരണത്തിൽ ഏർപ്പെടാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ എന്തുചെയ്യും.

ദിനകരൻ: നശിച്ചുപോകുകയേ ഉള്ളൂ, നാണംകെട്ട് ഇറങ്ങിപ്പോകുകയേയുള്ളൂ.

കമല: ഇപ്പോത്തന്നെ അതിനകത്തിരിക്കുന്ന ആൾക്കാർക്കൊക്കെ ഇഷ്ടക്കുറവായി, എക്‌സിക്യുട്ടീവിലൊക്ക. പുള്ളിക്ക് ആകുന്നില്ല അങ്ങോട്ട്.

ദിനകരൻ: ആക്കാൻ പറ്റും.

കമല: സന്തോഷ്‌കുമാറിനെ ആക്കാൻ പറ്റും. അവന്റെ ടൈം ഏതാണ്ട് കഴിയാറായി.

ദിനകരൻ: കമ്മ്യൂണിസ്റ്റ് മ്യൂല്യമുള്ളയാളാണ്.

കമല: ചന്ദ്രപ്പൻ സഖാവിന് ഏറ്റവുമിഷ്ടം സന്തോഷിനെയാണ്. അതവനറിയാം.

മറ്റൊരു നേതാവ്: അന്നത്തെ ബിനോയിയുടെ പ്രസംഗം ഡാമേജുണ്ടാക്കി. എന്തുകാര്യമുണ്ടായിരുന്നു. ഞാൻ എല്ലാം പറഞ്ഞിട്ടാണ് പോയത്. വായ് തുറന്നാൽ നുണ. പുണ്യവാളനാകാൻ നോക്കുന്നു.