ലക്ഷ്യമിടുന്നത് അവിവാഹിതരായ യുവതികളെ, കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് ചുംബിച്ച ശേഷം രക്ഷപ്പെടും

Tuesday 10 June 2025 11:30 PM IST

ബംഗളൂരു: സ്ത്രീകളെ കെട്ടിപ്പിടിച്ച് ബലംപ്രയോഗിച്ച് ചുംബിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്ന യുവാവ് അറസ്റ്റില്‍. അവിവാഹിതരായ സ്ത്രീകളോട് മോശമായി പെരുമാറുന്ന മദന്‍ എന്ന യുവാവാണ് പിടിയിലായത്. നഗരത്തിലെ പാര്‍ക്കുകള്‍, സ്ത്രീകള്‍ പ്രഭാത സവാരിക്ക് ഇറങ്ങുന്ന സ്ഥലങ്ങള്‍, എന്നിവിടങ്ങള്‍ ആണ് മദന്‍ ഈ പ്രവര്‍ത്തിക്ക് സ്ഥിരമായി തിരഞ്ഞെടുത്തിരുന്നത്. ജൂണ്‍ 6 ന് രാത്രി 7 മണിയോടെ ബംഗളൂരു നോര്‍ത്തിലെ കോക്സ്ടൗണിലെ മില്‍ട്ടണ്‍ പാര്‍ക്കിന് സമീപം നടന്ന സംഭവത്തിലാണ് അറസ്റ്റ്.

വീട്ടുകാര്‍ക്കൊപ്പം നടക്കാനെത്തിയ പെണ്‍കുട്ടിയ ഇയാള്‍ ബലമായി കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് അവരുടെ ചുണ്ടുകളില്‍ ചുംബിക്കുകയുമായിരുന്നു. അന്നേ ദിവസം തന്നെ മറ്റൊരു യുവതിയേയും ഇയാള്‍ ചുംബിക്കാന്‍ ശ്രമിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്ത്രീകള്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍, ആരോട് പറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് കാറില്‍ കയറി രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് സ്ത്രീകള്‍ പുലികേശിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇയാള്‍ അതിക്രമം കാണിച്ചതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടിയ പൊലീസ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. കുട്ടികളുടെ മാതാപിതാക്കള്‍, വനിതാ അവകാശ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സുരക്ഷ, സിസിടിവി നിരീക്ഷണം, കര്‍ശനമായ നിയമപാലനം എന്നിവ വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.