സി.പി.എം ഓന്തിനെ പോലെ നിറം മാറുന്ന: വി.ഡി. സതീശൻ

Wednesday 11 June 2025 12:02 AM IST

നിലമ്പൂർ: വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന് കിട്ടിയതിൽ പരിഭവിക്കുന്നവർക്ക് ,പി.ഡി.പിയുടെ പിന്തുണ സി.പി.എം സ്ഥാനാർത്ഥിക്ക് കിട്ടിയതിൽ ഒരു പരിഭവവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ എൽ.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫ് സ്വീകരിക്കാൻ പാടില്ലെന്നത് എവിടത്തെ പരിപാടിയാണ്. മുസ്‌ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി, ദേശീയ സാർവദേശീയ രംഗത്തൊക്കെ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, അവരുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്നാണ് 2009ൽ പിണറായി വിജയൻ പറഞ്ഞത്. എൽ.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവുമെന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. എന്നിട്ടാണ് ഓന്തിനെ പോലെ നിറം മാറി വർഗീയ വിരുദ്ധത പറയുന്നത്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.

വർഗീയ വിരുദ്ധത പറയുന്ന സി.പി.എം ബി.ജെ.പിയുമായി ബാന്ധവത്തിലാണ്. സി.പി.എമ്മിനെ സഹായിക്കാൻ നിലമ്പൂരിൽ മത്സരിക്കേണ്ടെന്നാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് നേതൃത്വത്തിനെതിരെ സമ്മർദ്ദമുണ്ടായപ്പോഴാണ് അപ്രസക്തനായ സ്ഥാനാർത്ഥിയെ നിറുത്തിയത്- സതീശൻ പറഞ്ഞു.