സി.പി.എം പ്രതിനിധി സംഘം ജമ്മു കാശ്‌മീരിൽ

Wednesday 11 June 2025 12:10 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ജമ്മുകാശ്‌മീരിലെത്തി. രണ്ടു ദിവസത്തെ സന്ദർശനമാണ്. ഇന്നലെ ഉറിയിലെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ചു. പി.ബി അംഗവും എം.പിയുമായ അമ്രാറാം, എം.പിമാരായ കെ.രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്,ബികാഷ് രഞ്ജൻ ഭട്ടാചാര്യ,സു വെങ്കിടേശൻ,എ.എ.റഹീം എന്നിവരും സംഘത്തിലുണ്ട്.

സംസ്ഥാന സർക്കാരിനെ കാഴ്‌ചരാക്കി കേന്ദ്രസർക്കാർ സർവവും നിയന്ത്രണത്തിലാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് ജമ്മു കാശ്‌മീരിൽ നടക്കുന്നതെന്ന് എം.എ.ബേബി പറഞ്ഞു. പാക് ആക്രമണത്തിന് വിധേയമായ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ മതിയായ നഷ്‌ടപരിഹാരമോ പുനരധിവാസ സൗകര്യങ്ങളോ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

മുസാഫിറിന്റെ വാഹനം

സി.പി.എം പ്രതിനിധി സംഘത്തിന് ഏർപ്പാട് ചെയ്‌ത വാഹനങ്ങളിലൊന്ന് പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എറണാകുളം സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിയെ സഹായിച്ച മുസാഫിറിന്റേത്. ശ്രീനഗർ വിമാനത്താവളത്തിന് പുറത്ത് മുസാഫിറിനെ കണ്ട് തിരിച്ചറിഞ്ഞ സംഘാംഗങ്ങളായ കെ.രാധാകൃഷ്‌ണനും എ.എ. റഹീമും കുശലാന്വേഷണം നടത്തി. 'ആരതിയെ ചേർത്തുപിടിച്ച സഹോദരനൊപ്പം' എന്ന വിശേഷണത്തോടെ റഹീം കൂടിക്കാഴ്‌ച വിശദീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. മുസാഫിർ എന്ന നന്മ നിറഞ്ഞ മനുഷ്യനെ കണ്ടുമുട്ടി. യഥാർഥത്തിൽ മുസാഫിറിനെയും മറ്റൊരു ഡ്രൈവറായ സമീറിനെയും പോലുള്ള അനേകം കാശ്മീരി സഹോദരങ്ങൾക്ക് മുന്നിലാണ് ഭീകരത തോറ്റമ്പി പോകുന്നത്-റഹീം പറഞ്ഞു.