ഭീകരർ എവിടെയായാലും നേരിടും: എസ്. ജയശങ്കർ

Wednesday 11 June 2025 12:27 AM IST

ന്യൂഡൽഹി: ഭീകരരെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്.

ഭീകരർ എവിടെയാണെങ്കിലും പ്രശ്നമില്ല. പാകിസ്ഥാനിൽ ഒളിച്ചാൽ അവിടെ കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഒരു വിദേശ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. അവർ ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുകയും അതിർത്തിക്കപ്പുറത്ത് വിന്യസിക്കുകയും ചെയ്യുന്നു.ഇത്തരം നടപടികൾ ഇന്ത്യ വച്ചുപൊറുപ്പിക്കില്ല. ആക്രമിച്ചാൽ പാകിസ്ഥാനിൽ ഉൾപ്പെടെ അവർ എവിടെയായിരുന്നാലും ഞങ്ങൾ വേട്ടയാടും. അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം തിരിച്ചടിക്കും. സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അത് നമ്മുടെ ജനങ്ങളോടുള്ള കടമയാണ്"- ജയശങ്കർ പറഞ്ഞു. മേയ് 7 നും മേയ് 10നും ഇടയിൽ ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ വിജയമാണ് പാകിസ്ഥാനെ വെടിനിറുത്തൽ ചർച്ചയിലെത്തിച്ചത്. ഭീകര ക്യാമ്പുകളും വ്യോമതാവളങ്ങളും ആക്രമിച്ചുകൊണ്ട് ശക്തമായ മറുപടി ഇന്ത്യ നൽകി. റൺവേകൾ, ഭൂഗർഭ സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സൗകര്യങ്ങൾ എന്നിവ ഇന്ത്യ ഫലപ്രദമായി ആക്രമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.