ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്: 10 മരണം

Wednesday 11 June 2025 12:40 AM IST

വിയന്ന: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ പത്ത് പേർക്ക് ദാരുണാന്ത്യം. അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഡ്രെയർ ഷുറ്റ്സെൻഗാസെയിലെ സെക്കൻഡറി

സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്ന് തുടർച്ചയായി വെടിയൊച്ച കേട്ടതായി പൊലീസ് പറയുന്നു. ആക്രമി ഇതേ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ മൃതദേഹം സ്കൂളിലെ ടോയ്ലെറ്റിൽ നിന്നാണ് കണ്ടെത്തിയത്.

പ്രത്യേക സേനയും അടിയന്തര സേവനങ്ങളും വേഗം രക്ഷാപ്രവർത്തനം നടത്തി. പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസ് ജനങ്ങൾക്ക് നി‌ർ‌ദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.