ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് അയൽവാസി

Wednesday 11 June 2025 10:54 AM IST

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ നാലു വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കാൺപൂർ നഗർ ജില്ലയിലെ ഘടംപൂരിലാണ് സംഭവം. വൈകുന്നേരം 5:30 ഓടെ പെൺകുട്ടി അടുത്തുള്ള കടയിലേക്ക് പോകുമ്പോൾ യുവാവ് ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ച് കടയുടെ പിന്നിലുള്ള കുറ്റിക്കാട്ടലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

യുവാവ് മോശമായി പെരുമാറുകയാണെന്ന് മനസിലായതോടെ പെൺകുട്ടി നിലവിളിച്ചു. കരച്ചിൽ തുടർന്നപ്പോൾ വായിൽ ഇലകൾ തിരുകി സമീപത്ത് കിടന്ന ഇഷ്ടിക ഉപയോഗിച്ച് കുട്ടിയെ പലതവണ പ്രതി അടിച്ചു. തുടർന്ന് കുട്ടിയെ ചോരയിൽ കുളിച്ച അവസ്ഥയിൽ ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. കടയിൽ പോയ മകളെ കുറേ നേരമായിട്ടും കാണാതായപ്പോൾ കുട്ടിയുടെ അമ്മ അന്വഷിച്ചു പോയി. കട ഉടമയോട് ചോദിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നായിരുന്നു അറിയിച്ചത്.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഗുരുതര പരിക്കുകളോടെ കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. തലയിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കാൺപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് കുടുംബത്തോടുള്ള മുൻവൈരാഗ്യമാണ് കുറ്രകൃതൃത്തിന് കാരണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.