'15-ാം വയസിൽ 35കാരനുമായി പ്രണയം, അമ്മയിൽ നിന്നും ക്രൂരപീഡനം'; വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ നടി

Wednesday 11 June 2025 11:10 AM IST

കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി പ്രമുഖ ഹിന്ദി ടെലിവിഷൻ താരം സീമ കപൂർ. വേദനാജനകമായ ഓർമകളും വ്യക്തിജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

സീമയ്‌ക്ക് വെറും ആറ് വയസുള്ളപ്പോഴാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്‌ത 'കിസ്‌മത്ത്' എന്ന ഷോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. '15 വയസുള്ളപ്പോൾ 35 വയസുള്ള ഒരാളുമായി ഞാൻ പ്രണയത്തിലായി. അയാൾ വിവാഹിതനാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇക്കാര്യം ഞാൻ അറിഞ്ഞതോടെ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന് അയാൾ പറഞ്ഞു. എന്നാൽ, അത് വെറും കള്ളമായിരുന്നു. ഒടുവിൽ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഞാൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

അഭിനയത്തോടുള്ള ഇഷ്‌ടം കുട്ടിക്കാലത്ത് തുറന്നുപറഞ്ഞപ്പോൾ അമ്മ ക്രൂരമായി ഉപദ്രവിച്ചു. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലുള്ളയാളാണ് അമ്മ. അവർ എപ്പോഴും വളരെ മോശമായും ദേഷ്യത്തോടെയുമാണ് എന്നോട് സംസാരിച്ചിരുന്നത്. എന്നെ പലപ്പോഴും അവർ ഉപദ്രവിക്കുമായിരുന്നു. ഇത് സ്ഥിരമായതോടെ എനിക്ക് സഹിക്കവയ്യാതെയായി. പിന്നീട് ഞാൻ അച്ഛനൊപ്പം കഴിയാൻ തീരുമാനിച്ചു. വേർപിരിഞ്ഞിട്ടും മാതാപിതാക്കൾ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നെ വല്ലാതെ അലട്ടിയിരുന്നു. മറ്റുള്ളവരോട് ഞാൻ അധികം സംസാരിക്കാതെയായി' - സീമ പറഞ്ഞു.

ടിവി സീരിയലുകളിൽ ഏറ്റവും കൂടുതൽ പ്രധാന വേഷങ്ങളും ടൈറ്റിൽ വേഷങ്ങളും ചെയ്ത ഒരേയൊരു ഇന്ത്യൻ നടി എന്ന റെക്കോർഡുള്ള വ്യക്തിയാണ് സീമ കപൂർ. 'എ സ്യൂട്ടബിൾ ബ്രൈഡ്' എന്ന സ്റ്റേജ് നാടകത്തിൽ 12 വ്യത്യസ്ത കഥാപാത്രങ്ങളെ തത്സമയം അവതരിപ്പിച്ചതും സീമയാണ്.