ഒരു സ്‌പൂൺ ചായപ്പൊടി മതി, നര പൂർണമായും മാറ്റാം; ഈ മാജിക്കൽ ഡൈ പരീക്ഷിച്ച് നോക്കൂ

Wednesday 11 June 2025 1:01 PM IST

കൊച്ചുകുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി വിപണിയിൽ ധാരാളം കെമിക്കൽ ഡൈകൾ ലഭ്യമാണ്. സമയക്കുറവും എളുപ്പവും കാരണം ഭൂരിഭാഗംപേരും ഇതാണ് ഉപയോഗിക്കുന്നത്. എന്നാൽ, കെമിക്കൽ ഡൈയുടെ ഉപയോഗം നിങ്ങൾക്ക് പല തരത്തിലുള്ള അലർജികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് മുടി കറുപ്പിക്കാൻ മാത്രമല്ല, നല്ല കട്ടിയായി മുടി വളരാനും കൊഴിച്ചിൽ മാറ്റാനും സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര ഗ്ലാസ്

തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ

കാപ്പിപ്പൊടി - 2 ടേബിൾസ്‌പൂൺ

നെല്ലിക്കപ്പൊടി - 1 ടേബിൾസ്‌പൂൺ

ഹെന്നപ്പൊടി - 1 ടേബിൾസ്‌പൂൺ

താളിപ്പൊടി - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ പൊടികളെല്ലാം എടുത്ത് തിളപ്പിച്ച വെള്ളം മുഴുവൻ ചേർത്ത് നന്നായി യോജിപ്പിക്കണം. സ്റ്റൗവിൽ ലോ ഫ്ലെയിമിൽ വച്ച് നന്നായി ചൂടാക്കി ഡൈയുടെ പരുവത്തിലാക്കിയെടുക്കുക. ശേഷം അതേ പാത്രത്തിൽ തന്നെ ഒരു രാത്രി മുഴുവൻ അടച്ച് വയ്‌ക്കണം. രാവിലെ നോക്കുമ്പോൾ നല്ല കറുത്ത നിറത്തിലേക്ക് ഡൈ മാറും.

ഉപയോഗിക്കേണ്ട വിധം

നന്നായി ഷാംപൂ ചെയ്‌ത് വൃത്തിയാക്കി ഉണക്കിയ മുടിയിൽ വേണം ഡൈ പുരട്ടാൻ. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ പുരട്ടാതെ കഴുകി കളയണം. ആഴ്‌‌ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് മുടി വളരാനും സഹായിക്കും.