ക്ഷയരോഗം ചികിത്സിക്കാൻ ജാമ്യംവേണം; സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. തനിക്ക് ക്ഷയരോഗമാണന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയിൽ പറഞ്ഞത്. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും ഉത്തരവ് വന്നശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നിട്ടില്ല.
ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ 2021ൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്‌തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽ നിന്ന് 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിലും 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്ന് പറഞ്ഞ് ശശികല സംഘത്തിൽ നിന്ന് ഇവർ 50 കോടി രൂപ വാങ്ങിയെന്ന് കേസുണ്ടായിരുന്നു. സുകാഷ് തിഹാറിലായതിന് ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോക സംഘം വെടിവയ്‌പ്പ് നടത്തിയ കേസുമുണ്ട്.