മറുനാടൻ മീനിന്റെ വരവ് കൂടി.... നഷ്ടച്ചുഴിയിൽ മത്സ്യക്കർഷകർ
കോട്ടയം : അന്യജില്ലകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മീനെത്തുകയും ഉത്പാദനത്തിന് അനുസരിച്ച് ആവശ്യക്കാരില്ലാതായതുമോടെ കൃഷി അവസാനിപ്പിക്കുകയാണ് ജില്ലയിലെ മത്സ്യക്കർഷകർ. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും പ്രവാസികളുമെല്ലാം കൂട്ടത്തോടെ മത്സ്യക്കൃഷിയിലേയ്ക്ക് തിരിഞ്ഞിരുന്നു. ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതികളും കൈത്താങ്ങായി. ഇതോടെ ഉത്പാദനവും കൂടി. എന്നാൽ മത്സ്യം വാങ്ങിക്കാൻ ആളില്ലാത്തതും ചെലവിനേക്കാൾ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവരുന്നതുമാണ് കർഷകരെ തളർത്തിയത്. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ശുദ്ധജല മത്സ്യം കുറഞ്ഞ വിലയ്ക്ക് കൂടുതലായി എത്തി. ഒരുമീന് കിലോയ്ക്ക് 250 രൂപയോളം ചെലവാകുമ്പോൾ അന്യസംസ്ഥാന മീനുകൾ 150 രൂപ മുതൽ വിപണിയിൽ കിട്ടും. ഇതോടെ കർഷകരും ഇതേ വിലയ്ക്ക് വിൽക്കേണ്ട ഗതികേടായി. കടൽ മത്സ്യത്തോടുള്ള താത്പര്യം ശുദ്ധജല മത്സ്യത്തോടില്ലാത്തതും തിരിച്ചടിയായി. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരും മറ്റുമാണ് മത്സ്യക്കൃഷി നടത്തുന്നത്.
ഇരുട്ടടിയായി തീറ്റവില വർദ്ധന
വനാമി, വാള, കാരി, രോഹു, കട്ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ തുടങ്ങിയ ഇനങ്ങളാണ് വളർത്തുന്നത്. ആറുമാസം വരെയാണ് മീനുകൾ പൂർണ വളർച്ചയെത്താൻ വേണ്ടത്. കുഞ്ഞുങ്ങൾക്ക് പോഷകം കൂടുതലുള്ള തീറ്റ ചെറിയ അളവിൽ കൊടുക്കണം. വളർച്ചയെത്തുന്നതോടെ പോഷകം കുറയ്ക്കാമെങ്കിലും തീറ്റ കൂടുതൽ നൽകണം. കഴിഞ്ഞ വർഷത്തേക്കാൾ ചാക്കിന് 150 രൂപയോളം വർദ്ധിച്ചു. 1000 മീനിന് ഒരുമാസത്തേയ്ക്ക് 5 ചാക്ക് തീറ്റ വേണം. മത്സ്യവില്പനയ്ക്ക് മാർക്കറ്റ് സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്.
വിശ്വസിക്കരുതേ
അന്യസംസ്ഥാനങ്ങളിലെ മീനുകളുടെ ഭക്ഷണം മാലിന്യം ഉൾപ്പെടെ
വളർത്തുന്നത് ശാസ്ത്രീയ സംവിധാനങ്ങളിലൂടെയല്ല
മീൻ തീറ്റ കൊടുക്കാത്തതിനാൽ വൻ ലാഭത്തിൽ ഇവിടെ എത്തിക്കാം
കർഷകർ കുറഞ്ഞത് : 70 ശതമാനം