മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; രണ്ട് പൊലീസുകാരെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പൊലീസുകാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഒരാൾ വിജിലൻസിലും ഒരാൾ കൺട്രോൾ റൂം വെഹിക്കിളിന്റെ ഡ്രൈവറുമാണ്. അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്നാണ് രണ്ട് പൊലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചത്. കെട്ടിടം വാടകയ്ക്കെടുത്ത നിമിഷിനെയും കേസിൽ പ്രതിച്ചേർത്തു. കേസിൽ ആകെ 12 പ്രതികളാണുള്ളത്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സെക്‌സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ബിന്ദുവിനെതിരെയുള്ള മറ്റൊരു പരാതിയിൽ 2022ൽ മെഡിക്കൽ കോളേജ് പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ഇവരെ ഫോണിൽ ബന്ധപ്പെട്ടതായാണ് പറയുന്നത്. സെക്‌സ് റാക്കറ്റിലെ പ്രധാന പ്രതികളുമായി പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രധാന പ്രതികളുടെ ഫോൺ റെക്കാഡുകൾ പരിശോധിച്ചതോടെയാണ് പൊലീസുകാർ കുടുങ്ങിയത്.
അടുത്തിടെയാണ് സെക്‌സ് റാക്കറ്റ് മലാപ്പറമ്പ് താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്ന് സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തപ്പോൾ സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാർക്ക് പങ്കുണ്ടെന്ന സംശയം ഉയർന്നത്. സെക്‌സ് റാക്കറ്റ് നടത്തിപ്പിൽ പൊലീസുകാർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.