ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലയും പാക്കും വയ്‌ക്കുന്നത് എന്തിനെന്നറിയാമോ? ആചാരത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട്

Wednesday 11 June 2025 4:33 PM IST

ഹിന്ദുമത ആചാരപ്രകാരം ഒരു നല്ല കാര്യം ചെയ്യാൻ പോകുന്നതിന് മുമ്പ് മുതിർന്ന വ്യക്തികൾക്ക് വെറ്റിലയും പാക്കും നാണയവും ദക്ഷിണയായി നൽകുന്ന ചടങ്ങുണ്ട്. പ്രത്യേകിച്ച് വിവാഹ കർമങ്ങളിൽ ഈ പതിവ് ഇന്നും തുടരുന്നുണ്ട്. എന്നാൽ, എന്തിനാണ് ഇങ്ങനെ ദക്ഷിണ നൽകുന്നതെന്നും അതിൽ വെറ്റില ഉൾപ്പെടുത്തിയതിന്റെ പ്രാധാന്യവും അറിയാം.

ഐശ്വര്യത്തിന്റെ പ്രതീകമായാണ് വെറ്രിലയെ കണക്കാക്കുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്‌മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളിൽ വിഷ്‌ണുവും പുറത്ത് ചന്ദ്രനും കോണിൽ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്നാണ് വിശ്വാസം. വെറ്റിലയുടെ ഞരമ്പുകൾ ചേരുന്ന ഭാഗത്ത് ജ്യേഷ്‌ഠഭഗവതിയും ഇടതുഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും സ്ഥിതി ചെയ്യുന്നു. ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌ വെറ്റില. അതിനാൽ, വെറ്റിലയ്‌ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.

മറ്റൊരു ഇലയ്‌ക്കുമില്ലാത്ത പ്രത്യേകതകൾ വെറ്റിലയ്‌ക്കുണ്ട്. വെറ്റിലയും പാക്കും നാണയവും ദക്ഷിണയായി നൽകിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്‌മീദേവിയുടെ വാസസ്ഥലമായ വെറ്റിലയുടെ ആഗ്രഭാഗം തെക്കോട്ടോ പടിഞ്ഞാറേക്കോ തിരിച്ച് വയ്‌ക്കാൻ പാടില്ല. മംഗളകർമത്തിനായി കൊണ്ടുവരുന്ന വെറ്റില കെട്ടിവയ്‌ക്കാൻ പാടില്ല. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങൾക്ക് നല്ലതല്ല. ദക്ഷിണ കൊടുക്കുമ്പോൾ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്കവിധമായിരിക്കണം.