45 അംഗ സ്വർണ മോഷ്ടാക്കൾ ജില്ലയിൽ... തക്കം കിട്ടിയാൽ അടിച്ച് മാറ്റും, കടന്നുകളയും
പാലാ : തമിഴ്‌നാട്ടിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടുന്ന 45 അംഗ സ്വർണ മോഷണസംഘം ജില്ലയിലെത്തിയെന്ന വിവരത്തെ തുടർന്ന് ജാഗ്രത പുലർത്തി പൊലീസ്. ഇതിൽ 4 പേരെ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽപ്പേരെ കുറിച്ച് സൂചന ലഭിച്ചത്. തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ ഭാഷകൾ അനായാസേന സംസാരിക്കുന്ന ഇവർ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് വിഹരിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ട്രിച്ചിയാണ് ഇവരുടെ പ്രധാന സങ്കേതം. കഴിഞ്ഞ ദിവസം പിടിയിലായത് ജയറാം, ഭാര്യ നാഗവല്ലി, തങ്കപാടി, ഭാര്യ വല്ലി എന്നിവരാണ്. രാമപുരത്ത് ബസിൽ വച്ച് കുഞ്ഞൂഞ്ഞമ്മ എന്ന വൃദ്ധയുടെ രണ്ടരപവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാമപുരം സി.ഐ. കെ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടൂരിലെത്തിയാണ് ഇവരെ പിടികൂടിയത്
പഴയ തുണികൾ ശേഖരിക്കാനെന്ന മറവിൽ
മൂന്നാലുപേർ ചേർന്ന് സ്ത്രീകളുടെ അടുത്തെത്തി കൃത്രിമമായി തിരക്കുണ്ടാക്കി ഇതിനിടയിൽ ആഭരണങ്ങൾ പറിച്ചെടുക്കുന്നതാണ് സംഘത്തിന്റെ രീതി. പഴയ തുണികൾ ശേഖരിക്കാൻ വീടുകളിലെത്തുന്ന ഇവർ വീട്ടുകാരുടെ ശ്രദ്ധതിരിച്ച് വിട്ട് ആഭരണങ്ങൾ അടിച്ചുമാറ്റും. ഉത്സവപ്പറമ്പുകൾ, പള്ളിപെരുന്നാളുകൾ, കല്യാണവീടുകൾ, തിരക്കുള്ള ബസ് എന്നിങ്ങനെ ആളുകൾ കൂടുന്നിടത്താണ് പ്രധാനമായും ഇവർ മോഷണം നടത്തുന്നത്.
മോഷണം പെരുകുന്നു
മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണവും പെരുകി. പകൽസമയം വീടുകളും, കടകളും കണ്ടുവെയ്ക്കും. പിന്നെ രാത്രിയിൽ കുത്തിത്തുറക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിയിടങ്ങളിലാണ് മോഷണം നടന്നത്. കല്ലറ, തലയാഴം, കടുത്തുരുത്തി, തൃക്കൊടിത്താനം, ചങ്ങനാശേരി എന്നിവിടങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം കല്ലറയ്‌ക്ക് സമീപം ബേക്കറി കുത്തിത്തുറന്ന് പണവും, പലഹാരങ്ങളും എടുത്തുകൊണ്ടുപോയി. പ്രതികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
വീടുപൂട്ടി പുറത്തുപോകുന്നത് കൂടുതൽ ദിവസം നീണ്ടാൽ അറിയിക്കണം പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നിർദ്ദേശിക്കണം പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ സൂക്ഷിക്കണം
സ്വർണ വില ഉയരുന്നതിനാൽ മോഷണ ശ്രമങ്ങൾക്ക് സാദ്ധ്യത
'' പട്രോളിംഗ് ശക്തമാക്കണം. അപരിചതരെ കണ്ടാൽ പൊലീസിനെ അറിയിക്കാൻ ജനങ്ങൾ മടിക്കരുത്. റസിഡന്റ്സ് അസോസിയേഷനെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് മുൻകരുതൽ നിർദ്ദേശം നൽകണം.
രാജീവ്, കല്ലറ