പേടിയുടെ കയങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടവർ
ആഹാ, വന്നല്ലോ 'കോളനികൾ"! സോഷ്യൽ മീഡിയയിൽ ദളിത് പെൺകുട്ടികളോ ആൺകുട്ടികളോ ഏതെങ്കിലും തരത്തിൽ പോസ്റ്റിട്ടാൽ അതിനടിയിൽ സ്ഥിരമായി കാണാറുള്ളൊരു കമന്റാണിത്. 'കോളനികൾക്ക് എന്താണ് കുഴപ്പം" എന്നു ചോദിച്ച് നിരവധിപേർ പ്രതിഷേധിക്കുമെങ്കിലും ആ ചോദ്യത്തിന് ലൈക്കടിക്കുന്നവരുടെയും ചിരി സ്മൈലി ഇടുന്നവരുടേയും എണ്ണം ചെറുതല്ല. അതിനർത്ഥം 'കോളനി" എന്ന വാക്ക് ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ഊന്നി നിലകൊള്ളുന്നുവെന്നാണ്.
കോളനികളെ നികൃഷ്ടമായി കരുതുന്ന അതേ സമൂഹത്തിനു മുന്നിലേക്കാണ് കോളനി 'നഗറും", സങ്കേതം 'ഉന്നതി"യും, ഊര് 'പ്രകൃതി"യുമായി മാറ്റപ്പെടുന്നത്. പേരു മാറുന്നതുകൊണ്ട് ഊരും ജാതിയും മാറില്ല. കുടിയിൽ നിന്ന് കോളനിയിലേക്കും അവിടെ നിന്ന് ഉന്നതിയിലേക്കും പേര് മാറിയെന്നല്ലാതെ ദളിതരുടെ നിലവിലെ സാമ്പത്തിക ജീവിത സാഹചര്യങ്ങളിൽ ഒരു തരത്തിലുമുള്ള മാറ്റവും വരുത്താൻ ഈ പേരുമാറ്റത്തിന് സാധിക്കില്ല. വർഷങ്ങൾക്കു ശേഷം ഈ പേരിനും അപാകത തോന്നിയാൽ അതും മാറ്റേണ്ടി വരും. കോളനി എന്ന പേര് പരിഹാസ്യമാണെന്ന് അംഗീകരിച്ച് അത് മാറ്റുന്നതിലെ ഔചിത്യം കുറഞ്ഞപക്ഷം ദളിതരെയെങ്കിലും സർക്കാർ ബോദ്ധ്യപ്പെടുത്തേണ്ടതില്ലേ?
കണക്കിൽ
പെടാത്തവർ
കേരളത്തിൽ പട്ടികജാതി- പട്ടിക വർഗ അതിക്രമ കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. കണക്കുകളിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളാണ് കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്. പട്ടികവർഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറവായതു കൊണ്ടല്ല, അവയൊന്നും കണക്കിൽപ്പെടാത്തവയാണ്. എന്തുകൊണ്ടെന്നാൽ മർദ്ദിച്ചും അപമാനിച്ചും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയിരിക്കുകയാണ് ഒരു തലമുറയെ! പീഡനവും ഉപദ്രവവും ദളിത് ജനതയെ. അത്രയധികം തളർത്തിയിരിക്കുന്നു.
2020 മുതലുള്ള കണക്ക് പരിശോധിച്ചാൽ 976 പട്ടികജാതി, പട്ടിക വർഗ അതിക്രമങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കേസുകളിൽ 846 എണ്ണം പട്ടിക ജാതിക്കാർക്കു നേരെയുള്ള അതിക്രമങ്ങളും, ബാക്കി 130 കേസുകൾ പട്ടിക വർഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളുമാണ്. 2021- ൽ ഈ കേസുകൾ വീണ്ടും വർദ്ധിച്ച് 1081, 2022-ൽ 1222, 2023-ൽ 1313, 2024-ൽ 1269 എന്നിങ്ങനെയായി. കഴിഞ്ഞ വർഷം മാത്രമാണ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളത്. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കിൽ 393 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണം മാത്രമാണിത്. ഇതിൽ വിരലിലെണ്ണാവുന്ന കേസുകളിൽ മാത്രമാണ് പ്രതിയെ പിടികൂടുന്നതും ശിക്ഷിക്കുന്നതും. മാദ്ധ്യമങ്ങളിൽ വാർത്തയാകുന്ന കേസുകളാണ് അവയിൽ കൂടുതലും. മറ്റ് കേസുകളെല്ലാം അട്ടിമറിക്കപ്പെടും. നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2022- ലെ കണക്ക് പ്രകാരം എസ്.സി- എസ്.ടി ആക്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം.
ഇന്ത്യയിലെ പട്ടിക ജാതി ജനസംഖ്യ 16.6 ശതമാനവും പട്ടികവർഗ ജനസംഖ്യ 8.6 ശതമാനവുമാണ്. അതായത് ആകെ ജനസംഖ്യയുടെ നാലിലൊന്ന് പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളാണ്. പട്ടികജാതികളിൽ ഭൂരിഭാഗവും കോളനികളിലും മറ്റ് സമുദായങ്ങളുമായി ഇടകലർന്നാണ് കേരളത്തിൽ താമസം. അതുകൊണ്ട് അവരുടെ ജീവിത സാഹചര്യങ്ങൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും വിഭിന്നമാണ്. എന്നാൽ പട്ടികവർഗ വിഭാഗങ്ങളിൽ പലരും ഇന്നും കാട്ടിലും കാടിനു സമീപമുള്ള ഉന്നതികളിലുമാണ് വസിക്കുന്നത്. വിവിധ സമുദായങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കാത്തതു പോലെ തന്നെ പല ഗോത്രങ്ങളായി വസിക്കുന്ന ഇവരെ ചേർത്തു നിറുത്തുക എളുപ്പമല്ല.
അട്രോസിറ്റി കേസ്
പട്ടികജാതി- വർഗ
അതിക്രമങ്ങൾ
2020 : 976
2021 : 1081
2022 : 1222
2023 : 1313
2024 : 1269
2025 ഏപ്രിൽ വരെ : 393
ശിക്ഷകൾ
- പൊതുവായ അതിക്രമങ്ങൾ: ആറ് മാസം മുതൽ 5 വർഷം വരെ തടവ്
- ഗുരുതര കുറ്റകൃത്യങ്ങൾ : ഒരുവർഷം മുതൽ ജീവപര്യന്തം വരെ
- പൊതുപ്രവർത്തകരുടെ അശ്രദ്ധ: ആറ് മാസം മുതൽ ഒരുവർഷം വരെ
- തെറ്റായ നിയമ നടപടി: ആറ് മാസം മുതൽ അഞ്ചുവർഷം വരെ
- നിരന്തരമായ കുറ്റം: ഒരു വർഷം മുതൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച്
അപകർഷതയിൽ
വീണ സമൂഹം
'എന്റെ സമൂഹം എനിക്കു തന്നത് അഞ്ച് കാര്യങ്ങളായിരുന്നു- ദാരിദ്ര്യം, ഭയം, അപകർഷതാ ബോധം, ആത്മ വിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ." - ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രക്കുന്ന യു.ജി.സിയുടെ ഉന്നതാധികാര സമിതിയിൽ വരെ ദീർഘകാലം പ്രവർത്തിച്ച ഡോ.എം. കുഞ്ഞാമൻ തന്റെ അവസ്ഥ വിവരിച്ചത് ഇങ്ങനെയാണ്. നിലവിലെ സ്ഥിതിയിലും അതിന് വലിയ മാറ്റം വന്നിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
തന്റെ അച്ഛന്റെ ജോലി തന്നെയാണ് പിന്മുറക്കാർ ചെയ്തിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ദളിതനോട് ഭരണകൂടം കാട്ടുന്ന അനീതികൾക്ക് ഇതിലും വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ല. മർദ്ദനമേൽക്കുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്നുള്ള അപകർഷതാ ബോധവും പട്ടികജാതി- പട്ടിക വർഗ സമൂഹത്തെ നിലയില്ലാക്കയങ്ങളിലേക്ക് ഊളിയിട്ട് ഒളിക്കുവാൻ പ്രേരിപ്പിക്കുകയാണ്. പ്രതികരിക്കുന്ന, അറിവു നേടിയ വലിയൊരു തലമുറ വളർന്നു വരുന്നുണ്ട്. അവരിലാണ് ഇനിയുള്ള ദളിത് ജീവിതങ്ങളുടെ പ്രതീക്ഷയത്രയും.(തുടരും)
ഉദ്യോഗസ്ഥരുടെ
ശീർഷാസനം!
പട്ടിക ജാതി- വർഗ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ ഈ സർക്കാർ വന്നശേഷം വലിയ പുരോഗതി ഉണ്ടായി എന്നത് സത്യമാണ്. പക്ഷെ ഈ ആനുകൂല്യങ്ങൾ എങ്ങനെ നൽകാതിരിക്കാമെന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്തവരും എസ്.സി/ എസ്.ടി ഡയറക്ടറേറ്റിൽ തന്നെയുണ്ട്. മന്ത്രി ഇടപെട്ട വിഷയമായാൽപ്പോലും അപേക്ഷകരെ പരമാവധി നടത്തിക്കുന്നവർ. എന്നാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും സഹായമനസ്ക്കരാണ്. അവർക്കു കൂടി പേരുദോഷം ഉണ്ടാക്കാൻ ഒരാളാണെങ്കിലും മതിയല്ലോ.
വിദ്യാഭ്യാസ ആനുകൂല്യം നൽകാൻ സർക്കാർ ഉത്തരവായെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചു ചെന്ന പൊതുപ്രവർത്തകയോട് ഉദ്യോഗസ്ഥ പറഞ്ഞ മറുപടി 'ഉത്തരവിൽ ശീർഷകമില്ലെ"ന്നായിരുന്നു! ഈ വിഷയം വകുപ്പു മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, 'അവരല്പം മൊടയാണെ"ന്നായിരുന്നു പ്രതികരണം. ആരാണ് അവരെ നിലയ്ക്കു നിർത്തേണ്ടത്? ആവശ്യവുമായി വരുന്നവരോട് അലിവോടെ പെരുമാറുന്നവരെ വേണം ജനസമ്പർക്കം വേണ്ട തസ്തികകളിൽ നിയോഗിക്കാൻ. ഒട്ടേറെ ആനുകൂല്യങ്ങൾ അടങ്ങുന്ന പദ്ധതികളുണ്ട്.പക്ഷെ അതേക്കുറിച്ച് ബോധവത്കരണം ഇല്ലെന്നുമാത്രം.