മത്തായിയുടെ മരണം: തുടരന്വേഷണത്തിൽ നീതി പുലരുമോ ?

Thursday 12 June 2025 3:34 AM IST

ഉറ്റവൻ നഷ്ടപ്പെട്ടതിന്റെ ഹൃദയഭാരവുമായി നീതിക്കു വേണ്ടി അഞ്ചുവർഷത്തിലേറെയായി കാത്തരിക്കുകയാണ് ചിറ്റാറിലെ യുവ കർഷകനായിരുന്ന മത്തായിയുടെ കുടുംബം. മത്തായിയെ താമസ സ്ഥലത്തു നിന്ന് പിടിച്ച് ഫോറസ്റ്റുകാരുടെ ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോൾ ഉടനെ തി‌രിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലിരുന്ന കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ ശരീരമാണ് എത്തിച്ചത്. മത്തായിക്ക് എന്താണ് സംഭവിച്ചതെന്ന് ഉത്തരം നൽകാൻ വനപാലകർക്കും പൊലീസിനും സി.ബി.ഐയ്ക്കും ഇതുവരെ കഴിഞ്ഞില്ല. കേസിന്റെ തുടരന്വേഷണത്തിന് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടിരിക്കുകയാണ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിക്ക് നൽകണമെന്നാണ് നിർദ്ദേശം. വനമേഖല കേന്ദ്രീകരിച്ച് വനപാലകർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഇരയാണ് മത്തായി. വനനിയമങ്ങൾ തങ്ങളുടെ അനധികൃത ഇടപാടുകൾക്കും കൈയ്യൂക്ക് കാട്ടാനും വനപാലകർ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് മത്തായിയുടെ അപ്രതീക്ഷിത മരണം.

2020 ജൂലായ് 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചുവെന്നാണ് മത്തായിയിൽ വനപാലകർ കണ്ടെത്തിയ കുറ്റം. മണിക്കൂറുകളോളം വനപാലകരുടെ കസ്റ്റഡിയിലായിരുന്ന മത്തായി ക്രൂരമായ മർദ്ദനമേറ്റ് അവശനായെന്നും തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നുമായിരുന്നു ആക്ഷേപം.

മൂന്ന് ഏജൻസികൾ അന്വേഷണം നടത്തിയിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സി.ബി.ഐ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മനഃപ്പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്യുകയുണ്ടായില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി. അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.

നരഹത്യ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ എന്നിവയുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ വനംവകുപ്പ് അധികൃതർ നടത്തിയതായി കേസിൽ ആദ്യം അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു.

മത്തായിയുടെ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാൻ പൊലീസ് ഡമ്മി പരീക്ഷണവും നടത്തി. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച് കുടുംബം നടത്തിയ സമരത്തിൽ ഹൈക്കോടതി ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് സി.ബി.ഐ റീ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ആദ്യ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ റീ പോസ്റ്റുമോർട്ടത്തിൽ സി.ബി.ഐ കണ്ടെത്തി.

കുറ്റപത്രത്തിൽ

ഗുരുതര പിഴവുകൾ

പതിനാറോളം പിഴവുകളാണ് സി.ബി.ഐ കാേടതിയിൽ നൽകിയ കുറ്റപത്രത്തിൽ കണ്ടെത്തിയതെന്ന് മത്തായിയുടെ കുടുംബത്തിനു വേണ്ടി പ്രതിഫലമില്ലാതെ കേസ് വാദിക്കുന്ന അഭിഭാഷകൻ അഡ്വ. ജോണി കെ. ജോർജ് പറഞ്ഞു. വനപാലകരെ രക്ഷപെടുത്താനുള്ള ആസൂത്രണം അന്വേഷണത്തിലുണ്ടായി. കസ്റ്റഡി മരണം ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. മത്തായിയുടെ വീട് കാണിച്ചു കൊടുത്തയാളെയും വനംവകുപ്പിന്റെ ഒരു ഡ്രൈവറെയും കേസിൽ നിന്ന് ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ഭരണസംവിധാനം ഉപയോഗിച്ചു നടന്ന ക്രൂരമായ കൊലപാതകമാണിത്. കേസ് നടത്തിപ്പിന് ഇതുവരെ തനിക്ക് ലക്ഷങ്ങൾ ചെലവായി. മത്തായിയുടെ നിർദ്ധനരായ കുടുംബത്തിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ജോണി കെ. ജോർജ് പറയുന്നു.

കാടിന്റെ മറവിൽ നടന്ന ദുരൂഹമായ മരണത്തിൽ വനപാലകർ ഉത്തരവാദികളാണെന്ന് സി.ബി.ഐ നിരീക്ഷിച്ചിട്ടും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുയെന്ന ദുർബലമായ നടപടിയിൽ ഒതുങ്ങി. കസ്റ്റഡിയിൽ ഒരു പ്രതി മരിച്ചുവെന്നത് വനംവകുപ്പ് നിസാരമായി കണ്ടു. സസ്പെൻഷന് കൂടിപ്പോയാൽ ആറ് മാസക്കാലാവധി മാത്രമാണുള്ളത്. എല്ലാ സർവീസ് ആനുകൂല്യങ്ങളും പറ്റിക്കൊണ്ട് സസ്പെൻഷൻ ആഘോഷിച്ചിവർ ഇപ്പോൾ തിരികെ ജോലിക്ക് കയറി വിവിധ സ്റ്റേഷനുകളിൽ സസുഖം വാഴുന്നുണ്ട്. സംഘടനാ പിൻബലം കൂടിയുള്ളതിനാൽ അന്വേഷണത്തെ അട്ടിമറിക്കാൻ ഉതകുന്ന എല്ലാ കാര്യങ്ങളും അവർക്കു ചെയ്യാൻ പറ്റും. സംഭവമുണ്ടായപ്പോൾ തന്നെ മഹസർ റിപ്പോർട്ട് കടത്തിക്കൊണ്ടുപോയി ആവശ്യമായ തിരുത്തലുകൾ വരുത്തി എല്ലാം തങ്ങൾക്ക് അനുകൂലമാക്കിയെടുത്ത മാന്യമൻമാരാണ് പ്രതിസ്ഥാനത്തുള്ളത്.

നേർവഴിക്കാകട്ടെ

തുടരന്വേഷണം

പൊന്നു മത്തായി എന്നാണ് നാട്ടിൽ മത്തായി അറിയിപ്പെട്ടിരുന്നത്. കുടുംബത്തിനും നാടിനും പ്രിയപ്പെട്ടവനെയാണ് ഒറ്റദിവസം കൊണ്ട് നഷ്ടമായത്. മത്തായി മരണപ്പെടുമ്പോൾ രോഗബാധിതർ അടക്കം ഒൻപതോളം അംഗങ്ങളുള്ള കുടുംബത്തെയാണ് അനാഥത്തത്തിലേക്ക് വലിച്ചെറിഞ്ഞത്. ഈ പാപക്കറ കഴുകിക്കളയാൻ നിയമത്തിന്റെ ഒരു പഴുതും പ്രതികൾക്ക് സഹായകമായിക്കൂടാ. അപവാദ പല പ്രചരണങ്ങൾ നടത്തി കുടുംബത്തെ നിയമ പോരാട്ടങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി. അത്തരം ചതിക്കുഴകളിൽ വീഴുന്നവരല്ല മത്തായിയുടെ ഭാര്യ ഷീബ. പ്രതികളായ വനപാലകർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അതുമാറ്റി കൊലപാതക കുറ്റം തന്നെ ചുമത്തണമെന്ന് ഉറച്ച നിലപാടിലാണ് കുടുംബവും അഭിഭാഷകനും. മത്തായിയെ കസ്റ്റഡിയിലെടുത്തപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, വഴി കാണിച്ചു കൊടുത്തയാൾ എന്നിവരെയും പ്രതികളാക്കണമെന്ന് ആവശ്യം നിലനിൽക്കുന്നുണ്ട്. കേസിൽ നിർണായക തെളിവാകുമായിരുന്ന ഇവരെ എങ്ങനെ ഒഴിവാക്കി എന്നതും അന്വേഷിക്കേണ്ടതാണ്.