കോരാണി ചെമ്പകമംഗലം ദേശീയപാത നവീകരണം, കുന്നിടിയൽ ഭീഷണിക്ക് പരിഹാരം

Thursday 12 June 2025 1:57 AM IST

ആറ്റിങ്ങൽ: ദേശീയപാതയിൽ തോരാമഴയത്ത് കുന്നിടിയൽ ഭീഷണി പരിഹരിച്ച് ദേശീയപാത അധികൃതർ. കോരാണി ചെമ്പകമംഗലം ഭാഗത്താണ് ദേശീയപാത നവീകരണത്തിന് സ്ഥലത്തെ അശാസ്ത്രീയ കുന്നിടിക്കൽ അപകടഭീതി പരത്തിയിരുന്നത്. സർവീസ് റോഡിന്റെ ഓരത്ത് 50 മീറ്ററിൽ അധികം ഉയരത്തിലാണ് കുന്നിടിച്ച് മണ്ണ് നീക്കിയത്. ഇതിനോടു ചേർന്ന് ഓടയുടെ നിർമ്മാണവും നടക്കുന്നുണ്ട്. കുന്നിടിച്ച ഭാഗത്ത് താഴെ നിന്ന് മുകളറ്റം വരെ ഒരേ ലെവലിലാണ് മണ്ണിടിച്ചത്. ഇത് അപകടഭീഷണി ഉയർത്തിയിരുന്നു. സാധാരണ മണ്ണിടിക്കുമ്പോൾ താഴ്ഭാഗത്തു നിന്ന് മുകളിൽ എത്തുമ്പോൾ കുറച്ച് ഉള്ളിൽ കയറ്റിയാണ് ഇടിക്കാറുള്ളത്. ഇവിടെ അത് പാലിച്ചിട്ടില്ല. മഴ തുടരുകയും ദേശീയപാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ദേശീയപാത അധികൃതർ ദേശീയപാത അപകടരഹിതമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.

ഗതാഗതതടസവും ഒഴിവായി

മണ്ണുമാന്തികൾ ഉപയോഗിച്ച് ശാസ്ത്രീയമായി മണ്ണിടിച്ച് നീക്കംചെയ്യൽ ആരംഭിച്ചു. 400 മീറ്ററിലധികം സ്ഥലത്ത് ഇതിനകം മണ്ണിടിച്ചുകഴിഞ്ഞു. മുകളിൽ ദേശീയപാത അധികൃതർ ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് മരങ്ങളും തൊട്ടടുത്ത് മതിലും നിർമ്മിച്ചിട്ടുണ്ട്. ദേശീയപാതയിൽ ഇതോടെ മണ്ണിടിച്ചിൽ ഭീഷണിയും ഗതാഗതതടസവും ഒഴിവായി.